c
കുന്നത്തൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോനെ കശുഅണ്ടിത്തൊഴിലാളികൾ സ്വീകരിക്കുന്നു

ശാസ്താംകോട്ട: ഇടതുകോട്ടയായ കുന്നത്തൂർ നിയോജക മണ്ഡലം ഉറപ്പിക്കാൻ അഞ്ചാം തവണയും കോവൂർ കുഞ്ഞുമോനെയാണ് ഇടതു മുന്നണി നിയോഗിച്ചത്. പ്രചാരണത്തിന്റെ അവസാന
ലാപ്പിൽ വോട്ടർമാരെ ഒരിക്കൽക്കൂടി കണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥി. 2001ൽ ആർ.എസ്.പിക്ക് വേണ്ടി എൽ.ഡി.എഫ് സ്ഥാനാർത്ഥിയായത് കുഞ്ഞുമോനാണ്. എന്നാൽ 2015ൽ ആർ.എസ്.പി എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിലേക്ക് ചേക്കേറിയെങ്കിലും കുഞ്ഞുമോന്റെ നേതൃത്വത്തിൽ ആർ.എസ്.പി ലെനിനിസ്റ്റ് എന്ന പാർട്ടിയുണ്ടാക്കി എൽ.ഡി.എഫിൽ മടങ്ങിയെത്തിയതോടെയാണ് മുന്നണിയിൽ കുഞ്ഞുമോൻ പ്രിയങ്കരനായത്. മത്സരിച്ച നാലു തവണയും വിജയിച്ചതും മണ്ഡലത്തിലെ കുഞ്ഞുമോന്റെ സ്വീകാര്യതയുമാണ് അഞ്ചാം തവണയും നറുക്കുവീഴാൻ കാരണം.

അഞ്ചു വർഷക്കാലം കുന്നത്തൂരിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ എടുത്തുപറഞ്ഞാണ് സ്ഥാനാർത്ഥിയുടെ വോട്ടഭ്യർത്ഥന. മണ്ഡലത്തിലെ സർക്കാർ സ്കൂളുകളിലെ വികസനം, കിഫ്ബിയിൽ ഉൾപ്പെടുത്തി റോഡുകൾ നവീകരിച്ചത്, സർക്കാർ ആശുപത്രികൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചത്, വില്ലേജ് ഓഫീസുകൾ സ്മാർട്ടാക്കിയത്, പോരുവഴിയിൽ ഗവ. ഐ.ടി.ഐ സ്ഥാപിച്ചത്, കുടിവെള്ള പദ്ധതികൾ തുടങ്ങിയവ എടുത്തുകാട്ടിയാണ് കുഞ്ഞുമോൻ പ്രചാരണം തുടരുന്നത്.