photo
ശാസ്താംകോട്ട മൈനാഗപ്പള്ളിയിൽ നാടക ക്യാംപിലെത്തിയ പി.ബാലചന്ദ്രൻ (ഫയൽ ചിത്രം)

കൊല്ലം: നാടകപ്രവർത്തകൻ,​ എഴുത്തുകാരൻ,​ തിരക്കഥാകൃത്ത്,​ ഇരുത്തംവന്ന അഭിനേതാവ്,​ അദ്ധ്യാപകൻ... വിശേഷണങ്ങൾ അനവധിയെങ്കിലും ശാസ്താംകോട്ടക്കാർക്ക് ചങ്ങാതിയായിരുന്നു പി. ബാലചന്ദ്രൻ. തിരക്കുകൾക്കിടയിലും ശാസ്താംകോട്ട, മൈനാഗപ്പള്ളി മേഖലകളിലെ സാംസ്കാരിക കൂട്ടായ്മകളിൽ നിറസാന്നിദ്ധ്യമായിരുന്നു അദ്ദേഹം.

ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിൽ പ്രൊഫ. ജി. ശങ്കരപ്പിള്ളയുടെ ശിഷ്യനായാണ് പി. ബാലചന്ദ്രന്റെ നാടകയാത്രയുടെ തുടക്കം. ആ സഞ്ചാരം അഭ്രപാളികളിലേക്ക് വഴിമാറിയതോടെ നവഭാവുകത്വം പകർന്ന നിരവധി സിനിമകളുടെ തിരക്കഥാകൃത്തായും മികവിന്റെ ഋതുഭേദങ്ങൾ തീർത്ത അഭിനേതാവായും തിളങ്ങി. അടുത്തിടെ മൈനാഗപ്പള്ളിയിൽ സംഘടിപ്പിച്ച നാടക ക്യാമ്പിൽ കോളേജ് പഠനകാലത്ത് എഴുതിയ 'ചെണ്ട' മുതലിങ്ങോട്ടുള്ള നാടകക്കഥകളുമായി അദ്ദേഹം വാചാലനായി. വർത്തമാനം തുടങ്ങിയാൽ തനി ശാസ്താംകോട്ടക്കാരനാകുന്ന ബാലചന്ദ്രനെ ഹൃദയത്തോട് ചേർത്തുവച്ചിരിക്കുകയാണ് നാട്ടുകാർ.

ശാസ്താംകോട്ടയിൽ പത്മനാഭപിള്ളയുടെയും സരസ്വതിഭായിയുടെയും മകനായി 1952 ഫെബ്രുവരി രണ്ടിനാണ് പി. ബാലചന്ദ്രൻ ജനിച്ചത്. കേരള സർവകലാശാലയിൽ നിന്ന് മലയാളത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും പിന്നീട് ബി.എഡും സ്വന്തമാക്കി. തൃശൂർ സ്കൂൾ ഒഫ് ഡ്രാമയിൽ സംവിധാനം ഐശ്ചിക വിഷമായെടുത്ത് നാടക തിയേറ്റർ കലയിലും ബിരുദം നേടി. എം.ജി സർവകലാശാലയിൽ സ്കൂൾ ഒഫ് ലെറ്റേഴ്സിൽ ലക്ചററായി. സ്കൂൾ ഓഫ് ഡ്രാമയിൽ കുറച്ചുകാലം അദ്ധ്യാപകനുമായിരുന്നു.

1989ൽ മികച്ച നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാഡമി അവാർഡ് ബാലചന്ദ്രന്റെ 'പാവം ഉസ്മാൻ' എന്ന നാടകത്തിനായിരുന്നു. 'പ്രതിരൂപങ്ങൾ' എന്ന നാടകത്തിന്റെ രചനയ്ക്ക് സംസ്ഥാന പ്രൊഫഷണൽ നാടക അവാർഡും ലഭിച്ചു. 2009ൽ സംഗീത നാടക അക്കാഡമി അവാർഡും തേടിയെത്തി. ഉള്ളടക്കം,​ അങ്കിൾ ബൺ,​ പവിത്രം,​ തച്ചോളി വർഗീസ് ചേകവർ,​ അഗ്നിദേവൻ (വേണുനാഗവള്ളിക്കൊപ്പം)​,​ മാനസം,​ പുനരധിവാസം,​ പൊലീസ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവും എഴുതിയാണ് ബാലചന്ദ്രൻ മലയാള സിനിമയ്ക്ക് പ്രിയങ്കരനായത്. പുനരധിവാസത്തിന് ചലച്ചിത്ര അക്കാഡമി അവാർഡ് ലഭിച്ചിരുന്നു. ഇവൻ മേഘരൂപൻ എന്ന ചിത്രത്തിലൂടെ സംവിധായകനായി. തന്റേതായ അഭിനയശൈലിയിലൂടെ ജീവനേകിയ കഥാപാത്രങ്ങളും അനവധിയാണ്.

ബാലചന്ദ്രൻ അവാർഡുകളിലൂടെ തിളങ്ങിയ വേളകളിലെല്ലാം ശാസ്താംകോട്ടയും ഒപ്പം അഭിമാനിച്ചിരുന്നു. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വേർപാട് ചങ്ങാതികൾക്ക് മാത്രമല്ല ഒരു നാടിനാകെ നൊമ്പരമായി മാറി.