photo
ലോർഡ്സ് പബ്ളിക്ക് സ്കൂളിൽ നിന്നും ഇലക്ഷൻ സാമഗ്രഹികൾ വിതരണം ചെയ്യുന്നു.

കരുനാഗപ്പള്ളി: ഇന്ന് നടക്കുന്ന വോട്ടെടുപ്പിനായുള്ള എല്ലാ ക്രമീകരണങ്ങളും കരുനാഗപ്പള്ളിയിൽ പൂർത്തിയായി. മണ്ഡലത്തിലെ 321 ബൂത്തുകളും പ്രവർത്തന സജ്ജമായി. ഇന്നലെ ഉച്ചയോടെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ഉദ്യോഗസ്ഥർ എത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നന്റെ ഭാഗമായാണ് ബൂത്തുകളുടെ എണ്ണം കൂട്ടിയത്. തിരഞ്ഞെടുപ്പ് സുഗമമായി നടത്താൻ പൊലീസ് വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. എല്ലാ ബൂത്തുകളിലും പൊലീസിനേയും ഗാർഡുകളേയും നിയോഗിച്ച് കഴിഞ്ഞു. പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് ഇലക്ഷൻ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. 100 പൊലീസുകൾ ഉൾക്കൊള്ളുന്ന 3 സ്ട്രൈക്കിംഗ് ഫോഴ്സ് എപ്പോഴും ബൂത്തുകൾ കേന്ദ്രീകരിച്ച് പെട്രോളിംഗ് നടത്തും. ഇതു കൂടാതെ 20 ഓളം വാഹനങ്ങളിൽ സാധാരണ പെട്രോളിംഗ് സംവിധാനവും ഏർപ്പെടുത്തി കഴിഞ്ഞു. ലോക്കൽ പൊലീസിനെ കൂടാതെ പഞ്ചാബ് പൊലീസ് വനിതാ ബറ്റാലിയൻ, സായുധ സേന്ന എന്നിവരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിൽ 15 ഓളം പ്രശ്ന ബാധിത ബൂത്തുകളുണ്ട്. ഇവിടെ കൂടുതൽ സേനയെ വിന്യസിച്ചതോടൊപ്പം പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലുമാണ്. പ്രശ്നങ്ങൾ ഉണ്ടാകുന്ന ബൂത്തുകളിൽ പൊലീസിന് എളുപ്പം എത്തിച്ചേരാൻ കഴിയുന്ന വിധത്തിലാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.