beep

 വോട്ടെടുപ്പ് രാവിലെ 7 മുതൽ വൈകിട്ട് 7 വരെ


കൊല്ലം: ജില്ലയിലെ പതിനൊന്ന് നിയോജക മണ്ഡലങ്ങളിലെയും പോളിംഗ് ബൂത്തുകൾ സുസജ്ജം. രാവിലെ 7 മുതൽ വൈകിട്ട് 7 വരെയാണ് വോട്ടെടുപ്പ്. സ്ഥാനാർത്ഥി പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ രാവിലെ ആറ് മുതൽ മോക് ട്രയൽ നടത്തി വോട്ടിംഗ് യന്ത്രങ്ങൾ സീൽ ചെയ്ത ശേഷമായിരിക്കും വോട്ടെടുപ്പ്.

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വോട്ടർമാരുടെ താപനില പരിശോധിക്കാൻ ഒരു ജീവനക്കാരനെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും നിയോഗിച്ചിട്ടുണ്ട്. രജിസ്റ്ററിൽ ഒപ്പിടുന്നതിനും വി.വി പാറ്റ് മെഷീനിൽ വോട്ട് ചെയ്യുന്നതിനും വോട്ടർമാർക്ക് കൈയുറകൾ നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരു ബൂത്തിൽ പരമാവധി ആയിരം വോട്ടർമാരാണുള്ളത്.

 കാഴ്ച പരിമിതർക്ക് ബ്രെയിൽ ലിപി ബാലറ്റ്

കാഴ്ച പരിമിതിയുള്ളവർക്ക് വോട്ടവകാശം രേഖപ്പെടുത്തുന്നതിന് എല്ലാ പോളിംഗ് ബൂത്തിലും ബ്രെയിൽ ലിപിയിലുള്ള ഡെമ്മി ബാലറ്റ് പേപ്പർ നൽകും. പ്രിസൈഡിംഗ് ഓഫീസർ ഇവ വോട്ടർമാർക്ക് നൽകുകയും പരസഹായം കൂടാതെ അവർക്ക് വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യങ്ങളും ഉണ്ടാകും.

 ജില്ലയിൽ പോളിംഗ് ബൂത്തുകൾ: 3,213
 വെബ് കാസ്റ്റിംഗ് ബൂത്തുകൾ: 1,438
 സി.സി.ടി.വി സംവിധാനമുള്ള ബൂത്തുകൾ: 26
 ഇലക്ട്രോണിക് മെഷീനുകൾ: 3,961

 ആകെ വോട്ടർമാർ: 21,35,830

 കൈയിൽ കരുതണം

1. മാസ്ക്, സാനിറ്റൈസർ
2. വോട്ടർ സ്ലിപ്പ്
3. തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്ന്

 പോളിംഗ് ബൂത്തിലെത്തുമ്പോൾ

1. തെർമൽ സ്‌കാനർ ഉപയോഗിച്ച് ശരീര ഊഷ്മാവ് പരിശോധന
2. രണ്ടുതവണയും ഊഷ്മാവ് കൂടുതലെങ്കിൽ ടോക്കൺ നൽകി തിരികെവിടും

3. വൈകിട്ട് ആറിന് ശേഷം ഇവർക്ക് വോട്ട് ചെയ്യാം
4. സാനിറ്റൈസർ ഉപയോഗിച്ച ശേഷം ബൂത്തിലേക്ക് കടക്കാം
5. ക്യൂ നിൽക്കുന്നവർ രണ്ട് മീറ്റർ അകലം പാലിക്കണം
6. രജിസ്റ്ററിൽ ഒപ്പിട്ട് ബാലറ്റ് വാങ്ങി വോട്ട് ചെയ്യാം

 ക്രമീകരണങ്ങൾ

1. ഇരുപത് പേർക്ക് ഒരേസമയം നിൽക്കാനുള്ള സൗകര്യം
2. സ്ത്രീ, പുരുഷൻ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ എന്നിവർക്ക് പ്രത്യേക നിര
3. പ്രവേശന കവാടത്തിൽ സോപ്പ്, വെള്ളം, സാനിറ്റൈസർ
4. മാസ്കില്ലാതെ വരുന്നവർക്ക് മാസ്ക് നൽകാൻ ക്രമീകരണം
5. ഒറ്റത്തവണ ഉപയോഗിക്കുന്ന കൈയുറകളുടെ വിതരണം
6. ക്യൂവിൽ അകലം പാലിക്കുന്നതിന് പ്രത്യേകം അടയാളപ്പെടുത്തൽ

"

എല്ലാവരും വോട്ട് രേഖപ്പെടുത്തി ജനാധിപത്യത്തിൽ പങ്കാളികളാകണം. ജില്ലാഭരണകൂടം, തിരഞ്ഞെടുപ്പ് കമ്മിഷൻ എന്നിവർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണം. ഇരട്ട വോട്ട് രേഖപ്പെടുത്തുന്നവർ നിയമനടപടി നേരിടേണ്ടി വരും.

ബി. അബ്ദുൽ നാസർ

ജില്ലാ കളക്ടർ