udf

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ യു.ഡി.എഫ് 2001ലെ വിജയം ആവർത്തിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പുനലൂർ മധു വാർത്താസമ്മേളനത്തിൽ പറഞ്ഞു. കശുഅണ്ടി മേഖലയിലെ തൊഴിലില്ലായ്മ, ആഴക്കടൽ മത്സ്യബന്ധന കരാർ, പുറംവാതിൽ നിയമനം എന്നിവ സർക്കാരിനെതിരായ വോട്ടായി മാറും. ചില മണ്ഡലങ്ങളിൽ ഉണ്ടായിരുന്ന സംഘടനാപരമായ ദൗർബല്യങ്ങൾ തുടക്കത്തിൽ തന്നെ പരിഹരിച്ചു. ഇത്തവണ മികച്ച വിജയപ്രതീക്ഷയാണുള്ളത്.

753 സ്വകാര്യ കശുഅണ്ടി ഫാക്ടറികളിൽ എഴുപത് ശതമാനവും അടഞ്ഞുകിടക്കുകയാണ്. 2011-16 യു.ഡി.എഫ് ഭരണകാലത്ത് കാഷ്യു കോർപ്പറേഷനിൽ 731 തൊഴിൽ ദിനങ്ങൾ നൽകിയിരുന്നു. എന്നാൽ 2016-2021 കാലയളവിൽ എൽ.ഡി.എഫ് സർക്കാർ 551 തൊഴിൽ ദിനങ്ങൾ മാത്രമാണ് നൽകിയത്. കാപ്പെക്‌സിൽ യു.ഡി.എഫ് ഭരണകാലത്ത് 1,058 തൊഴിൽ ദിനങ്ങൾ നൽകിയെങ്കിൽ എൽ.ഡി.എഫ് സർക്കാർ 667 തൊഴിൽ ദിനങ്ങൾ മാത്രമാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഡി.സി.സി മുൻ പ്രസിഡന്റ് ജി. പ്രതാപവർമ്മ തമ്പാൻ, ഡി.സി.സി വൈസ് പ്രസിഡന്റ് വിപിന ചന്ദ്രൻ എന്നിവരും പങ്കെടുത്തു.