മദ്ധ്യവയസ്കനും സുഹൃത്തും അറസ്റ്റിൽ
ഓയൂർ:പണമിടപാടിനെച്ചൊല്ലിയുള്ള വൈരാഗ്യത്തിൽ ബന്ധുവായ മദ്ധ്യവയസ്കനെ വീട്ടിൽ വിളിച്ചുവരുത്തി മദ്യം നൽകി അബോധാവസ്ഥയിലാക്കി വെട്ടിക്കൊന്ന് ചാണകക്കുഴിയിൽ കുഴിച്ചുമൂടി. ആറ്റൂർക്കോണം പള്ളി വടക്കതിൽ മുഹമ്മദ് ഹാഷിമാണ് (53) അതിക്രൂരമായി കൊല്ലപ്പെട്ടത്.
സംഭവത്തിൽ ഹാഷിമിന്റെ പിതാവിന്റെ സഹോദരീപുത്രൻ ആറ്റൂർക്കോണം സുൽത്താൻ വീട്ടിൽ ഷറഫുദ്ദീൻ (54), പട്ടാഴി താമരക്കുടിയിൽ വാടകയ്ക്ക് താമസിക്കുന്ന കടയ്ക്കൽ ചരുവിള പുത്തൻവീട്ടിൽ വീട്ടിൽ നിസാം (47) എന്നിവരെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
ഹാഷിമിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ 31ന് നടന്ന കൊലപാതകം പുറംലോകം അറിയുന്നത്. അന്ന് വൈകിട്ട് ഏഴോടെ വീട്ടിൽനിന്ന് പോയ ഹാഷിം രണ്ടു ദിവസമായിട്ടും മടങ്ങിവന്നില്ല. തുടർന്ന് ഈ മാസം 2ന് ഭാര്യ പൂയപ്പള്ളി പൊലീസിൽ പരാതി നൽകി. ഹാഷിമിനോട് വിരോധമുള്ളവരെ ചോദ്യം ചെയ്തെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല. ഷറഫുദ്ദീനെയും ചോദ്യം ചെയ്ത് വിട്ടയച്ചു.
ഹാഷിമിനെ അവസാനം കണ്ടെന്ന് പറയുന്ന സ്ഥലത്തുനിന്ന് മണം പിടിച്ചോടിയ പൊലീസ് നായ ഷറഫുദ്ദീന്റെ വീട്ടിൽ എത്തിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. അപ്പോൾ വീട്ടിൽ ഇല്ലാതിരുന്ന ഷറഫുദ്ദീനെ ഇന്നലെ പുലർച്ചെ നാലോടെ വീടുവളഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പട്ടാഴിയിൽ നിന്ന് നിസാമിനെയും അറസ്റ്റ് ചെയ്തു.
പൊലീസ് പറയുന്നത്:
ഹാഷിമും ഷറഫുദ്ദീനും റിയാദിൽ ഒന്നിച്ച് ജോലി ചെയ്തിരുന്നു. അവിടെവച്ച് ഷറഫുദ്ദീൻ ഹാഷിമിൽ നിന്ന് 20,000 രൂപ കടം വാങ്ങി. ലോക്ക്ഡൗണിനെ തുടർന്ന് നാട്ടിലെത്തിയ ഷറഫുദ്ദീൻ മടങ്ങിപ്പോയില്ല. ജനുവരി 19ന് നാട്ടിലെത്തിയ ഹാഷിം പണം ചോദിച്ചതോടെ പലതവണ വാക്കുതർക്കമുണ്ടായി. പിന്നീട് പണം നൽകിയ ഷറഫുദ്ദീൻ വൈരാഗ്യം മനസിൽ സൂക്ഷിച്ചു.
കഴിഞ്ഞ 31ന് ഹാഷിമിനെ ഫോണിൽ വിളിച്ച ഷറഫുദ്ദീൻ നാടൻ ചാരായമുണ്ടെന്നും ആരെയും കൂട്ടാതെ വീട്ടിലേക്ക് വരാനും ആവശ്യപ്പെട്ടു. കൃത്യം ആസൂത്രണം ചെയ്ത ഷറഫുദ്ദീൻ ഒപ്പം താമസിച്ചിരുന്ന നാലാം ഭാര്യയെ വീട്ടിലേക്ക് പറഞ്ഞയച്ചു. രാത്രി എത്തിയ ഹാഷിം, ഷറഫുദ്ദീനും നിസാമിനും ഒപ്പം മദ്യപിച്ചു. ബോധംകെട്ട ഹാഷിമിനെ ഷറഫുദ്ദീൻ വീട്ടിൽ വച്ചുതന്നെ വെട്ടുകത്തിക്ക് വെട്ടിക്കൊലപ്പെടുത്തി. നിസാമിന്റെ സഹായത്തോടെ മൃതദേഹം പ്ളാസ്റ്റിക് കവറിൽ പൊതിഞ്ഞ് കാലിത്തൊഴുത്തിന് പിന്നിലെ ചാണകക്കുഴിയിൽ കുഴിച്ചുമൂടി.
ഇന്നലെ ഉച്ചയ്ക്ക് പൂയപ്പള്ളി പൊലീസും കൊല്ലം സ്പെഷ്യൽ തഹസിൽദാർ വിപിൻ, സയന്റിഫിക് ഓഫീസർ സോജ, വിരലടയാള വിദഗ്ദ്ധരായ ടി.ജി. സനൻ, ആർ. വർഗീസ് എന്നിവരുടെ സംഘം മൃതദേഹം പുറത്തെടുത്തു. കഴുത്തിൽ ആഴത്തിൽ വെട്ടേറ്റ് തല അറ്റുപോകാറായ നിലയിലായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഹാഷിമിന്റെ ഭാര്യ: ഷാമില. മക്കൾ: മുഹമ്മദ് ആഷിക്, ആസിയ, ആമിന.