sdp

കൊല്ലം: ഒൻപത് പതിറ്രാണ്ടായി എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ നിയന്ത്രണത്തിലുള്ള ഓച്ചിറയിലെ ഗുരുക്ഷേത്ര ഭൂമി പതിച്ചുനൽകാമെന്ന് പറഞ്ഞത് അധികൃതർ കബളിപ്പിച്ചത് അഞ്ച് തവണ. ഇതിന്റെ നാലിലൊന്ന് കാലത്തെ കൈവശ ചരിത്രം പോലുമില്ലാത്ത ഭൂമി സ്വകാര്യ വ്യക്തികൾക്ക് പോലും പതിച്ചുനൽകിയിട്ടുള്ളപ്പോഴാണ് ഗുരുക്ഷേത്രം ഭൂമിയുടെ കാര്യത്തിൽ ഒരു വിഭാഗം കുടില നീക്കങ്ങൾ നടത്തുന്നത്.

ഭൂമി പതിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് കരുനാഗപ്പള്ളി യൂണിയൻ ഭാരവാഹികൾ 2008ലാണ് ആദ്യം നിവേദനം നൽകിയത്. മന്ത്രിക്ക് നിവേദനം നൽകിയാൽ വേഗത്തിൽ ഭൂമി പതിച്ചുകിട്ടുമെന്ന് ചില കേന്ദ്രങ്ങളിൽ നിന്ന് ഉറപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്ന് യൂണിയൻ ഭാരവാഹികൾ അതിനായി ഇറങ്ങിത്തിരിച്ചത്. റവന്യൂ മന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ ഭൂമിയുടെ ന്യായവില അടക്കം കണക്കുകൂട്ടി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഭൂപതിവ് നടപടികൾ താത്കാലികമായി നിറുത്തിവച്ചിരിക്കുന്നുവെന്ന മറുപടിയാണ് ലഭിച്ചത്.

2011ൽ വീണ്ടും ഉദ്യോഗസ്ഥർ ഭൂമി പതിച്ചുനൽകാമെന്ന് വാഗ്ദാനം നൽകി. തുടർന്ന് വീണ്ടും നിവേദനം നൽകിയെങ്കിലും പതിച്ചു നൽകൽ എന്ന ആവശ്യം നിരസിച്ച് പകരം പാട്ടം നിശ്ചയിച്ച് നൽകി. 2014ൽ നൽകിയ നിവേദനവും നിരസിച്ചു. 2016ൽ പാട്ടത്തുക 25,029 രൂപയായി വർദ്ധിപ്പിച്ചപ്പോൾ ഇത്രവലിയ തുക അടയ്ക്കാനാകില്ലെന്ന് നിവേദനം നൽകി. അപ്പോൾ ഈ തുക അടച്ചാൽ ഭൂമി പതിച്ചുനൽകാമെന്ന് വീണ്ടും വാഗ്ദാനം നൽകി. പക്ഷെ തുക അടച്ചുകഴിഞ്ഞപ്പോൾ ഉദ്യോഗസ്ഥരുടെ നിറം മാറി. കഴിഞ്ഞവർഷം അവസാനം മുൻകാല പ്രാബല്യത്തോടെ പാട്ടത്തുക ഉയർത്തി. ഇതിനെ ചോദ്യം ചെയ്തപ്പോൾ പതിവ് വാഗ്ദാനത്തിന് പുറമേ പാട്ടത്തുക അടച്ചാൽ ഭൂമി പതിച്ച് നൽകാമെന്ന് രേഖമൂലം യൂണിയൻ ഭാരവാഹികൾക്ക് കത്തും നൽകിയിരിക്കുകയാണ് ഇപ്പോൾ.

സാധാരണ പാട്ടത്തുകയിൽ പരമാവധി മൂന്നിരട്ടി വർദ്ധനവാണ് ഉണ്ടാകുന്നത്. പക്ഷെ ഗുരുക്ഷേത്ര ഭൂമിയുടെ കാര്യത്തിൽ പത്തിരട്ടിയിലേറെ വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെയും താലൂക്കിന്റെ തലപ്പത്തുള്ള ചില ഉദ്യോഗസ്ഥരുടെയും ഗൂഢനീക്കമാണ് ഇതിന് പിന്നിലെന്ന് സൂചനയുണ്ട്.