party-flag

കൊല്ലം: നിശബ്ദ പ്രചാരണവും പൂർത്തിയായി ഇന്ന് വോട്ടെടുപ്പ് നടക്കാനിരിക്കെ പ്രവർത്തകരുടെ നെഞ്ചിൽ പെരുമ്പറമേളം തുടങ്ങി. നഗരം കേന്ദ്രീകരിച്ചുള്ള നാല് മണ്ഡലങ്ങളിലെ വിജയം അത്ര സുഗമമല്ലെന്ന വിലയിരുത്തലിലാണ് മുന്നണികൾ.

കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂർ നിയോജകമണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും മുന്നണികളും ചെറുതല്ലാത്ത ആശങ്കയിലാണ്. ജില്ലയിലെ തന്നെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങൾ കൂടിയാണിവ. മന്ത്രിയുൾപ്പെടെ നിലവിലെ നിയമസഭാംഗങ്ങൾ മത്സരിക്കുന്ന ഈ മണ്ഡലങ്ങളിൽ ശക്തരായവരെ തന്നെയാണ് മറ്റ് മുന്നണികളും നിറുത്തിയിരിക്കുന്നത്.

ജെ. മേഴ്സിക്കുട്ടിഅമ്മ, എം. മുകേഷ്, എം. നൗഷാദ്, ജി.എസ്. ജയലാൽ എന്നിവരാണ് ഇടതുമുന്നണി സ്ഥാനാർത്ഥികൾ. കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിലുള്ള പി.സി. വിഷ്ണുനാഥ്, അഡ്വ. ബിന്ദുകൃഷ്ണ, പീതാംബരക്കുറുപ്പ്, ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബാബുദിവാകരൻ എന്നിവരെ അണിനിരത്തി ശക്തമായ പ്രതിരോധം തീർത്തിരിക്കുകയാണ് യു.ഡി.എഫ്.

ഇടതുവലതു മുന്നണികളെ പരാജയപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ ബി.ഡി.ജെ.എസ് പ്രവർത്തകരായ വനജ വിദ്യാധരൻ, രഞ്ജിത്ത് രവീന്ദ്രൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ, എം. സുനിൽ എന്നിവരെ രംഗത്തിറക്കിയിരിക്കുകയാണ് എൻ.ഡി.എ.

 നിശബ്ദതയകറ്റി പ്രചാരണം

വിജയം സുനിശ്ചിതമെന്ന് മുന്നണികൾ ഉറപ്പിച്ച് പറയുമ്പോഴും അത്ര അനായാസമല്ലെന്ന് സ്ഥാനാർത്ഥികൾക്കും പ്രവർത്തകർക്കും അറിയാം. അവസാന നിമിഷവും വോട്ടുറപ്പിക്കാൻ നിശബ്ദപ്രചാരണ ദിവസമായ ഇന്നലെയും സ്ഥാനാർത്ഥികൾ വിവിധയിടങ്ങളിൽ ഓടിയെത്താൻ സമയം കണ്ടെത്തി. ഇതോടെ ഇന്നലെയും പരസ്യപ്രചാരണത്തിന്റെ പ്രതീതിയായിരുന്നു മണ്ഡലത്തിലുടനീളം. മരണവീടുകളിലും വിവാഹ വേദികളിലുമൊക്കെ സ്ഥാനാർത്ഥികൾ എത്തി. ചിലയിടങ്ങളിൽ സ്ഥാനാർത്ഥികൾ നേരിട്ട് വോട്ടർമാരെ ഫോണിൽ വിളിച്ച് വോട്ടഭ്യർത്ഥിക്കുന്ന സ്ഥതിവിശേഷവും ഉണ്ടായി.

 പാലം കടക്കാൻ പാടുപെടും

ത്രികോണ മത്സരമൊന്നും നിലവിലില്ലെന്ന നിലപാടിലാണ് ഇടത് വലത് മുന്നണികളെങ്കിലും ചാത്തന്നൂർ, ഇരവിപുരം, കൊല്ലം, കുണ്ടറ മണ്ഡലങ്ങളിൽ സ്വാധീനം ചെലുത്താനാകുമെന്നാണ് എൻ.ഡി.എയുടെ പ്രതീക്ഷ. ഇവയിലൊരു സീറ്റ് ഉറപ്പായും തങ്ങൾക്ക് തന്നെയെന്നും ഉറപ്പിക്കുന്നു എൻ.ഡി.എ. എന്നാൽ 2016 ആവർത്തിക്കുമെന്ന് ഇടതുപക്ഷവും ഇവയെല്ലാം തങ്ങളുടെ കൈപ്പിടിയിലൊതുക്കുമെന്ന് യു.ഡി.എഫും അവകാശപ്പെടുന്നു. എന്തുതന്നെയായാലും വിജയം ആർക്കെന്ന് അറിയാൻ മെയ് രണ്ടുവരെ കാത്തിരിക്കുക തന്നെ വേണം.