photo

കൊല്ലം: ആഴ്ചകളുടെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലൂടെ ഇടത് മുന്നണിയുടെ കെ.എൻ.ബാലഗോപാൽ മണ്ഡലം മുഴുക്കെ സ്വീകാര്യനായി. അടിമുതൽ മുടിവരെ ചലിപ്പിച്ച അടുക്കും ചിട്ടയമുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനുമടക്കമുള്ള പ്രമുഖ നേതാക്കളുടെ സാന്നിദ്ധ്യം, വോട്ടർമാരുടെ മനസിൽ ഇടംനേടിയ പി.ഐഷാപോറ്റിയുടെ അഭ്യർത്ഥനകൾ അങ്ങിനെ നൂറുനൂറ് കടമ്പകളിലൂടെയാണ് ഇടത് മുന്നണി മണ്ഡലത്തിൽ മേൽക്കോയ്മ നേടിയത്. ആദ്യമേതന്നെ ബാലഗോപാൽ കളം പിടിച്ചതിനാൽ പിന്നീടുവന്ന സ്ഥാനാർത്ഥികൾക്ക് ഒപ്പത്തിനൊപ്പം ഓടിക്കയറാനുമായില്ല. മണ്ഡലമാകെ നിറഞ്ഞുനിന്ന സ്ഥാനാർത്ഥി ഒരുപാടുപേരുടെ ഹൃദയങ്ങളിൽ ഇടംനേടി. അതുകൊണ്ടുതന്നെയാണ് വിജയത്തിന്റെ മാറ്റുകൂടുമെന്ന് ഇടത് കേന്ദ്രങ്ങൾ ഉറപ്പിച്ചുപറയുന്നത്.

ശുഭപ്രതീക്ഷയുണ്ട്, കൊട്ടാരക്കരയിൽ വലിയ വികസനമെത്തട്ടെ

കൊട്ടാരക്കരയെ മൂന്നുതവണ പ്രതിനിധീകരിച്ചയാളാണ് ഞാൻ. രണ്ട് തവണയും ഇടത് സർക്കാരാണ് കേരളം ഭരിച്ചത്. ഒരു തവണ യു.ഡി.എഫും. ഇടത് ഭരണമുള്ള രണ്ട് ഘട്ടത്തിലും ഒട്ടേറെ വികസന പ്രവർത്തനങ്ങൾ മണ്ഡലത്തിലെത്തിയ്ക്കാൻ കഴിഞ്ഞു. ഇക്കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് ഇവിടെ ആയിരംകോടിയുടെ പദ്ധതികൾ എത്തിച്ചുവെന്ന് ആത്മാർത്ഥമായി പറയാനാകും. കൊട്ടാരക്കര പുലമൺ മേൽപ്പാലമടക്കം ഇനിയും ഒരുപാട് പദ്ധതികൾ സാദ്ധ്യമാക്കാനായി സമർപ്പിച്ചിട്ടുണ്ട്. അവയൊക്കെ സാദ്ധ്യമാക്കാൻ കെ.എൻ.ബാലഗോപാലിന് കഴിയും. അതുമാത്രമല്ല, ദീർഘവീക്ഷണവും നല്ല ഭാവനയുമുള്ള ബാലഗോപാലിന് കൊട്ടാരക്കരയുടെ സമഗ്ര വികസനം സാദ്ധ്യമാക്കാൻ കഴിയും. എനിയ്ക്ക് തന്ന സ്നേഹവും കരുതലും കെ.എൻ.ബാലഗോപാലിന് നൽകണമെന്നുതന്നെയാണ് അഭ്യർത്ഥന. നമുക്ക് കൂട്ടായി വലിയ വികസന-ക്ഷേമ വിപ്ളവം സൃഷ്ടിക്കാം.

(പി.ഐഷാപോറ്റി എം.എൽ.എ)

നമുക്കൊന്നിച്ച് നല്ല നാളേയ്ക്ക് കൈകോർക്കാം

കൊട്ടാരക്കര എന്റെ ഹൃദയത്തിൽ ഇടം നേടിയ നാടാണ്. ഇപ്പോൾ ഇവിടെ താമസം തുടങ്ങി ഞാനും കൊട്ടാരക്കരക്കാരനായി. രാജ്യസഭ എം.പിയായിരുന്ന വേളയിൽ താലൂക്ക് ആശുപത്രിയ്ക്കും വായനശാലയ്ക്കും റോഡ് നിർമ്മാണത്തിനും കുടിവെള്ള പദ്ധതിയ്ക്കുമടക്കം തുക അനുവദിക്കാൻ കഴിഞ്ഞിരുന്നു. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിൽക്കുമ്പോഴാണ് കൊട്ടാരക്കരയിൽ കേരള സർവകലാശാല ഇൻഫർമേഷൻ സെന്റർ തുടങ്ങുവാൻ സിൻഡിക്കേറ്റ് മെമ്പർ എന്ന നിലയിൽ ഇടപെട്ടത്. സി.പി.എം ജില്ലാ സെക്രട്ടറിയായും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായുമൊക്കെ പ്രവർത്തിച്ചപ്പോൾ കൊട്ടാരക്കരയ്ക്ക് വേണ്ടി ഒട്ടേറെ ഇടപെടലുകൾ നടത്തി. അതൊന്നും ഇവിടെ മത്സരിക്കുമെന്ന ചിന്തയോടെയായിരുന്നില്ല. എന്നാൽ ഇന്ന് മത്സരിക്കാനെത്തി. മണ്ഡലത്തിലെ എല്ലാ കേന്ദ്രങ്ങളിലും സന്ദർശിച്ചു. എന്നും എപ്പോഴും എന്തിനും കൂടെയുണ്ടാകുമെന്ന ഉറപ്പ് തരികയാണ്. (കെ.എൻ.ബാലഗോപാൽ)