amma
കുണ്ടറയിലെ കശുഅണ്ടി ഫാക്ടറിയിലെത്തിയ മേഴ്സിക്കുട്ടിഅമ്മ തൊഴിലാളികളോട് വോട്ട് അഭ്യർത്ഥിക്കുന്നു

കൊല്ലം: നിശബ്ദ പ്രചരണമായിട്ടുകൂടി കുണ്ടറയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെ. മേഴ്സിക്കുട്ടിഅമ്മയ്ക്ക് വിശ്രമമില്ലാത്ത ദിവസമായിരുന്നു ഇന്നലെ. കല്ലുമാല പൊട്ടിച്ചറിഞ്ഞ വിപ്ലവത്തിന്റെ മണ്ണായ പെരിനാട് പഞ്ചായത്തിലെ വീടുകളിൽ ഹ്രസ്വ സന്ദർശനം നടത്തിയ സ്ഥാനാർത്ഥിക്ക് ഓരോ വോട്ടും ഉറപ്പിക്കണമെന്ന ഉറച്ച ലക്ഷ്യമുണ്ടായിരുന്നു.

പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ജയകുമാർ, മുൻ പഞ്ചായത്ത് അംഗം പ്രസന്നൻ എന്നിവർക്കൊപ്പമ്മാണ് മേഴ്സിക്കുട്ടിഅമ്മ ഗൃഹസന്ദർശനം നടത്തിയത്. പതിവുപോലെ വികസനം ചൂണ്ടിക്കാട്ടിയായിരുന്നു വോട്ട് അഭ്യർത്ഥന. തുടർന്ന് മണ്ഡലത്തിലെ ചില കശുഅണ്ടി ഫാക്ടറികളിൽ രണ്ടാംഘട്ട സന്ദർശനം നടത്തി.

മാർ ഇവാനിയോസ് നഴ്സിംഗ് കോളജിൽ എത്തിയ മേഴ്സിക്കുട്ടിഅമ്മയെ സിസ്റ്റർ ഏഞ്ചല, സിസ്റ്റർ മഞ്ജുഷ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് മാമ്പുഴ ക്ഷേത്രത്തിൽ നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുത്ത് വധൂവരന്മാരെ ആശംസിച്ചു. വീട്ടിലെത്തിയിട്ടും വിശ്രമമില്ലാതെ മാദ്ധ്യമപ്രവർത്തകരോട് ആത്മവിശ്വാസത്തോടെ മറുപടി നൽകി, 'ഉറപ്പാണ് കുണ്ടറ'. വൈകിട്ട് പേരയം പഞ്ചായത്തിലെ പ്രദേശങ്ങളിലും മേഴ്സിക്കുട്ടിഅമ്മ പ്രചാരണത്തിന് എത്തി.