ചാത്തന്നൂർ: ഒരിടവേളയ്ക്കു ശേഷം നാട്ടിൽ വീണ്ടും കരടിയിറങ്ങിയെന്ന വാർത്ത ഭീതിപരത്തവേ, കണ്ടത് പന്നിയെ ആകാമെന്ന് വനംവകുപ്പ് അധികൃതർ. രണ്ടു ദിവസം മുമ്പാണ് കിഴക്കനേല എള്ളുവിളയിൽ രാത്രി പത്തരയോടെ കരടിയെ കണ്ടതായി അഭ്യൂഹം പടർന്നത്. വിവരമറിഞ്ഞ് രാത്രി പതിനൊന്നോടെ അഞ്ചലിൽ നിന്ന് വനംവകുപ്പ് അധികൃതരെത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
അധികം അകലെയല്ലാത്ത കുളമട കാവടിക്കോണം, വേളമാനൂർ വിലവൂർക്കോണം എന്നിവിടങ്ങളിൽ കാട്ടുപന്നികൾ ഉള്ളതായി സ്ഥലവാസികൾ പറയുന്നു. രാത്രിയിൽ ഇരതേടിയിറങ്ങിയ പന്നിയെയാകാം കരടിയെന്ന് തെറ്റിദ്ധരിച്ചത് എന്നാണ് വനംവകുപ്പ് അധികൃതരുടെ പക്ഷം. പ്രദേശത്ത് നിന്ന് വന്യജീവികളുടെ കാൽപ്പാടുകളോ കാഷ്ഠമോ കണ്ടെത്താനും കഴിഞ്ഞിട്ടില്ല.
അതേസമയം മാസങ്ങൾക്ക് മുൻപ് ചാത്തന്നൂർ ഭാഗത്ത് ഭീതിപരത്തിയ കരടി നാവായിക്കുളം പലവക്കോട്ട് ഭാഗത്ത് വനംവകുപ്പിന്റെ കെണിയിൽപ്പെട്ടത് ചൂണ്ടിക്കാട്ടുന്ന നാട്ടുകാർ ഇപ്പോഴും ഭീതിയിലാണ്. അന്നും നാട്ടിൽ കണ്ടത് കരടിയെ ആകില്ലെന്ന വാദമാണ് ആദ്യദിവസങ്ങളിൽ വനംവകുപ്പ് ഉയർത്തിയത്.