പുനലൂർ: മദ്യപിച്ച് എത്തിയ ശേഷം ഡ്യൂട്ടി തടസപ്പെടുത്തിയെന്ന പരാതിയെ തുടർന്ന് പോളിംഗ് ഓഫീസറെ ബൂത്തിൽ നിന്ന് പുറത്താക്കി.തുടർന്ന് പകരം പുതിയ ഓഫീസറെ നിയമിച്ചു. കൊട്ടാരക്കര പട്ടികജാതി,പട്ടിക വർഗ കോടതിയിലെ ജീവനക്കാരനും മൂന്നാം പോളിംഗ് ഓഫീസറുമായ പ്രകാശ്കുമാറിനെയാണ് പുറത്താക്കിയ ശേഷം പുതിയ ജീവനക്കാരനെ നിയമിച്ചത്.ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.പുനലൂർ പേപ്പർമിൽ സോക്കറ്റ് സ്കൂളിലെ 94ാംനമ്പർ ബൂത്തിലെ മൂന്നാം പോളിംഗ് ഓഫീസർ മദ്യപിച്ചെത്തിയ ശേഷം ഡ്യൂട്ടി തടസപ്പെടുത്തിയെന്ന് പരാതി ഉയർന്നത്. ഇത് സംബന്ധിച്ച് ഒന്നാം പോളിംഗ് ഓഫീസറായ വനിതാ ജീവനക്കാരി പുനലൂർ സി.ഐക്ക് പരാതി നൽകി.തുടർന്ന് സ്ഥലത്തെത്തിയ പുനലൂരിലെ പട്രോളിംഗ് എസ്.ഐ.സൂര്യ, എ.എസ്.ഐ.ബനീഷ് പാപ്പച്ചൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് ജീവനക്കാരനെ കസ്റ്റഡിയിൽ എടുത്ത ശേഷം പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിച്ചു മെഡിക്കൽ പരിശോധന നടത്തി.തുടർന്ന് ജീവനക്കാരനെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.