ശാസ്താംകോട്ട: കുന്നത്തൂർ നിയോജക മണ്ഡലത്തിൽ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിലുമായി 311 ബൂത്തുകളിലായി 206117 വോട്ടർമാരാണുള്ളത്. മുൻ കാലങ്ങളിൽ 199 ബൂത്തുകളാണുണ്ടായിരുന്നത്. 48 ബൂത്തുകളുള്ള മൈനാഗപ്പള്ളി പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ ബൂത്തുകളുള്ളത്, 10 ബൂത്ത് മാത്രമുള്ള മൺറോതുരുത്തിലാണ് ഏറ്റവും കുറവ് ബൂത്തുള്ളത്. പോളിംഗ് സ്റ്റേഷനുകളിൽ ശക്തമായ സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. മണ്ഡലത്തിൽ ഏഴ് പ്രശ്നബാധിത ബൂത്തുകളിൽ കേന്ദ്രസേന ഉൾപ്പടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരും വെബ് കാസ്റ്റിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രസേന ഉൾപ്പടെ അഞ്ഞൂറോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്.പോളിംഗ് സ്റ്റേഷന്റെ ഇരുനൂറ് മീറ്റർ ചുറ്റളവിൽ രാഷ്ട്രീയ പാർട്ടികളുടെ കേന്ദങ്ങളും അടയാളങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.