ee

വാസ്‌തുശാസ്ത്രം കിഴക്ക്, വടക്ക് ദിശകളെ മഹാദിക്കുകളായിട്ടാണ് പരിഗണിക്കുന്നത്. മഹാദിക്കുകൾ എന്നു പറയാൻ കാരണം സ്ത്രീയെയും പുരുഷനെയും ഈ രണ്ട് ദിക്കുകളും കാര്യമായി ബാധിക്കുന്നതിനാലാണ്. കിഴക്ക് പുരുഷനെയും വടക്ക് സ്ത്രീയെയുമാണ് സ്വാധീനിക്കുക.സ്ത്രീയും പുരുഷനും നന്നായി പോകുമ്പോഴാണ് ഒരു വീട് അർത്ഥവത്തായി മുന്നേറുന്നത്. മഹാദിശകളുടെ ആ സ്വാധീനം ചെറുതല്ലതാനും. എന്റെ വീട് കിഴക്കോട്ടാണ്, വടക്കോട്ടാണ് എന്നിട്ടും പ്രതിസന്ധികൾ ധാരാളം ഉണ്ടെന്ന് ആളുകൾ പറയാറുണ്ട്. അത് എന്തു കൊണ്ടാണെന്ന് ചോദിച്ചാൽ വീടിനുളളിലെ നിർമ്മാണ വൈകല്യം കൊണ്ട് മാത്രമാണെന്ന് പറയാം. എത്ര ചെറിയ വസ്തുവായാലും വീടിന്റെ വടക്കും, കിഴക്കും മറ്റ് വശത്തേക്കാൾ സ്ഥലം കൂടുതൽ വേണം. നാഭി നിർണയത്തിൽ വരുന്ന അപാകതകളാണ് പലപ്പോഴും ഇത്തരത്തിൽ സ്ഥലം കിട്ടാതെ പോകുന്നതിന് പിന്നിൽ. നാഭി നിർണയം കൃത്യമെങ്കിൽ വടക്കും കിഴക്കും തന്നെയാവും സ്ഥലം കൂടുതൽ ഉണ്ടാവുക.

കിഴക്കോട്ടോ വടക്കോട്ടോ വീട് നിൽക്കുമ്പോൾ അതിന്റെ ഏറ്റവും നല്ല ഊർജവിതരണ ഭാഗം തുറന്ന് കൊടുക്കേണ്ടതുണ്ട്. അതായത് ആ ഭാഗത്ത് വീടിന്റെ ഏറ്റവും പ്രധാന വാതിലുകളോ ജനാലകളോ വയ്‌ക്കണമെന്ന് സാരം. വടക്കോട്ടും കിഴക്കോട്ടും നിൽക്കുന്ന വീടുകൾക്ക് വടക്കുകിഴക്കായി പ്രധാന വാതിൽ വച്ച് നിർമ്മാണ വൈകല്യം ഒഴിവാക്കാം. അങ്ങനെ ചെയ്യുന്നതിലൂടെ സദ്ഫലങ്ങളാവും വന്നു ചേരുക. പടിഞ്ഞാറോ തെക്കോ ആണ് കൂടുതൽ സ്ഥലം വന്നു പോയിട്ടുളളതെങ്കിൽ അത് മൊത്തം സ്ഥലം പരിശോധിച്ച് ഊർജ്ജ പ്രസരണമേഖലകൾ കണ്ടെത്തി ഒഴിവാക്കുകയും ബാക്കിയുളളിടത്ത് മതിൽ കെട്ടി കൃത്യമാക്കുകയോ ചെയ്യാവുന്നതാണ്.
കിഴക്കോട്ടോ വടക്കോട്ടോ നിൽക്കുന്ന നിരവധി വീടുകളുടെ മധ്യഭാഗങ്ങളിൽ നടുമുറ്റം ചെയ്ത് കാണുന്നുണ്ട്. ചിലയിടത്ത് നടുമുറ്റം ഉണ്ടെങ്കിലും അത് അൽപം പോലും താഴുകയോ ഉയരുകയോ ചെയ്തിട്ടില്ല. അങ്ങനെ ചെയ്താൽ മോശമില്ല. മറിച്ച് നടുമുറ്റം താഴ്‌ത്തി ചെയ്തിരിക്കുന്ന നിരവധി വീടുകൾ കാണാറുണ്ട്.അത് അത്ര നല്ലതല്ല. വീടുകളുടെ മഹാമർമ്മമാണത്. അത് താഴാനോ ഉയരാനോ പാടില്ല. മുഴുവൻ ഊർജ വിധാനത്തിന്റെയും യഥാർത്ഥ ബ്രഹ്മ കേന്ദ്രമായ ഇവിടെ ചെറുതായെങ്കിലും താഴ്‌ത്തുന്നത് ഒഴിവാക്കേണ്ടതാണ്. താ‌ഴ്‌ത്താതെയോ ഉയർത്താതെയോ വേണമെങ്കിൽ സൗന്ദര്യവത്കരണം നടത്താം. നടുമുറ്റത്ത് ജലസാന്നിധ്യമോ പെബിൾസ് പോലെയുളളവയോ വിരിച്ച് മോടികൂട്ടുന്നതും ഒട്ടും ഗുണകരമല്ല. ഈ ഭാഗത്ത് പ്ലാസ്റ്റിക്ക്, ഫൈബർ പോലെയുളളവ വിരിക്കുന്നതും ഗുണകരമല്ല. പ്രധാന വാതിന് നേർക്കായി പുറത്തോ അകത്തോ തൂണുകളോ കോൺക്രീറ്റ് തള്ളുകളോ വരാതെ നോക്കേണ്ടതുണ്ട്. പുറത്തെ മതിൽ ഉയരാതെ നോക്കേണ്ടതുണ്ട്. പ്രധാന വാതിലിൽ നിന്ന് നോക്കിയാൽ കിഴക്കുമതിൽ തുറന്ന് കിടക്കുന്ന പോലെ സജ്ജമാക്കുന്നത് നല്ല ഗുണം തരും. കിഴക്ക് മതിലിന് ഉയരം കുറച്ച് ധാരാളം ഗ്രില്ലുകൾ ക്രമീകരിക്കുന്നതും നല്ലതാണ്.

സംശയവും മറുപടിയും
കൂവള മരം വീടിന്റെ ഏത് ഭാഗത്ത് വരുന്നതാണ് ഉത്തമം
സോമദാസൻ.കെ, വട്ടിയൂർക്കാവ്
അതിശയകരമായ ഊർജ്ജസ്രോതസാണ് കൂവള മരം പ്രദാനം ചെയ്യുന്നത്. വീടിന് വടക്കോ കിഴക്കോ ആണ് കൂടുതൽ മെച്ചം.