crime

കൊല്ലം: കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന്റെ വൈരാഗ്യത്തിൽ ബന്ധുവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വെട്ടിക്കൊലപ്പെടുത്തിയശേഷം വീട്ടുവളപ്പിൽ കുഴിച്ചുമൂടിയത് മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിൽ. കരിങ്ങന്നൂർ ആറ്റൂർക്കോണം പള്ളി തെക്കേതിൽ മുഹമ്മദ് ഹാഷിമിനെ (53) കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ആറ്റൂർക്കോണത്ത് സുൽത്താൻ വീട്ടിൽ ഷറഫുദ്ദീനെ (54) ചോദ്യം ചെയ്തപ്പോഴാണ് അരും കൊലയുടെ ആസൂത്രണ വിവരങ്ങൾ പുറത്തായത്. കൊലപാതകത്തിനും മൃതദേഹം മറവ് ചെയ്യാനും കൂടുതൽ പേരുടെ സഹായം ലഭിച്ചിട്ടുണ്ടാകാമെന്ന് സംശയിക്കുന്ന പൊലീസ് കേസിൽ അറസ്റ്റിലായ ഷറഫുദ്ദീനെയും സഹായിയായ താമരക്കുടിയിൽ വാടകയ്ക്ക് താമസക്കാരനായ കടയ്ക്കൽ ചരുവിള വീട്ടിൽ നിസാമിനെയും വിശദമായി ചോദ്യം ചെയ്യാനായി വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.

കടത്തിന്റെ പേരിൽ അപമാനവും മർദ്ദനവും, സഹികെട്ടപ്പോൾ കൊല്ലാനുറച്ചു

ഹാഷിമിന്റെ പിതാവിന്റെ സഹോദരിയുടെ മകനാണ് ഷറഫുദ്ദീൻ. ഹാഷിമിന്റെ വീടിന് അരകിലോമീറ്റർ അകലെയാണ് ഷറഫുദ്ദീൻ നാലാമത്തെ ഭാര്യയ്ക്കൊപ്പം താമസിക്കുന്നത്. ഇരുവരും കുട്ടിക്കാലം മുതലേ സുഹൃത്തുക്കളാണ്. ഇടയ്ക്ക് വഴക്കിടാറുണ്ടെങ്കിലും താമസിയാതെ സുഹൃത്തുക്കളാകും. റിയാദിൽ പെയിന്റിംഗ് തൊഴിലാളിയായിരുന്നു ഹാഷിം. അവിടെതന്നെയായിരുന്നു ഷറഫുദ്ദീനും ജോലി ചെയ്തിരുന്നത്. ഈ സമയം ഹാഷിമിൽ നിന്ന് 20,000 രൂപ ഷറഫുദ്ദീൻ കടമായി വാങ്ങിയിരുന്നു. കൊവിഡിനെ തുടർന്ന് ലോക്ക് ഡൗൺ സമയത്ത് ഗൾഫിൽ നിന്ന് തൊഴിൽ നഷ്ടപ്പെട്ട് ഷറഫുദ്ദീൻ നാട്ടിലെത്തി. നാട്ടിലെത്തി ഇരുവരും തമ്മിൽ കൂടികണ്ട്

ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും തന്നോട് കടം വാങ്ങിയ പണം ഷറഫുദ്ദീനോട് ഹാഷിം ചോദിച്ചുതുടങ്ങി. ഗൾഫിൽ നിന്ന് നാട്ടിലെത്തിയ തന്റെ പക്കൽ തൽക്കാലം പണമില്ലെന്ന് പറഞ്ഞെങ്കിലും അത് അംഗീകരിക്കാൻ കൂട്ടാക്കാതിരുന്ന ഹാഷിം ബന്ധുക്കളുടെയും നാട്ടുകാരുടെയും മുന്നിലും കണ്ണിൽ കാണുന്നിടത്തുമെല്ലാം കടം വാങ്ങിയ പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. പണമിടപാട് സംബന്ധിച്ച് ഇരുവരും തമ്മിൽ പലതവണ വാക്കേറ്റവും നടന്നു. പണത്തിന്റെ പേരിൽ തെറിയും പരിഹാസവും പരിധിവിടുകയും ഗൾഫുകാരനായ താൻ നാട്ടുകാരുടെ മുന്നിൽ പരിഹാസ്യനാകുകയും ചെയ്യുന്നത് പതിവായതോടെയാണ് എങ്ങനെയും ഹാഷിമിനെ വകവരുത്താൻ ഷറഫുദ്ദീൻ തീരുമാനിച്ചത്.

ചാരായമെന്ന് കേട്ടപ്പോൾ മതിമറന്ന ഹാഷിമിന് നഷ്ടപ്പെട്ടത് പ്രാണൻ

മദ്യപാനത്തിൽ ഹാഷിമിന്റെ ഹരം നന്നായി അറിയാവുന്ന ഷറഫുദ്ദീൻ ഹാഷിമിനെ വകവരുത്താനുള്ള കെണിയാക്കിയത് നാടൻ ചാരായത്തെ. ആയുർവേദ മരുന്നുകളും വിലകൂടിയ ഫ്രൂട്ട്സും മറ്റും ഉപയോഗിച്ച് വാറ്രിയ സ്പെഷ്യൽ ചാരായം തന്റെ പക്കലുണ്ടെന്നും വന്നാൽ അൽപ്പം തരാമെന്നുമുള്ള ഷറഫുദ്ദീന്റെ വാക്ക് വിശ്വസിച്ചതാണ് ഹാഷിമിന്റെ ജീവൻ നഷ്ടമാക്കിയത്. ഷറഫിന്റെ ക്ഷണം സ്വീകരിച്ച് കഴിഞ്ഞ മാസം 31ന് സുഹൃത്തിന്റെ കാറിൽ ആറ്റൂർക്കോണത്തെ വീട്ടിലെത്തിയപ്പോഴായിരുന്നു കൊലപാതകമുണ്ടായത്.

വയറുനിറയെ ചാരായം നൽകിയതോടെ ബോധം നഷ്ടപ്പെട്ട ഹാഷിമിന്റെ കഴുത്തിന് ഷറഫ് മൂർച്ചയേറിയ വെട്ടുകത്തിക്ക് ആഞ്ഞുവെട്ടി. നിലത്തുവീണതോടെ കഴുത്ത് വേർപെടുന്ന വിധം വീണ്ടും വീണ്ടും വെട്ടി മരിച്ചെന്ന് ഉറപ്പാക്കി.

പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിൽ വീട്ടിൽ കുഴിച്ചുമൂടി

ഭാര്യയ്ക്കും സംഭവത്തിൽ പങ്കുണ്ടാകാൻ സാദ്ധ്യത

തന്റെ ഒപ്പം താമസിക്കുന്ന നാലാംഭാര്യയെ തന്ത്രപൂർവ്വം അവരുടെ വീട്ടിലേക്ക് പറഞ്ഞുവിട്ടശേഷമാണ് ഷറഫ് കൊലപാതകം നടത്തിയതെന്നാണ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരിക്കുന്നതെങ്കിലും പൊലീസ് അത് പൂർണമായും വിശ്വസിക്കാൻ കൂട്ടാക്കിയിട്ടില്ല.ഭാര്യയ്ക്കും സംഭവത്തിൽ പങ്കുണ്ടാകാൻ സാദ്ധ്യതയുളളതായാണ് പൊലീസിന്റെ സംശയം. സംഭവത്തിന് രണ്ടുദിവസം മുൻപ് നിസാം ഷറഫുദ്ദീനെ ഫോൺ വിളിച്ച് ജോലി വല്ലതുമുണ്ടോയെന്ന് തിരക്കി. ഉണ്ടെന്ന് പറഞ്ഞതോടെ സ്ഥലത്തെത്തിയ നിസാമുമായി ചേർന്ന് ചാരായം വാറ്റി കുടിക്കുകയും കൊലപാതകം ആസൂത്രണം ചെയ്യുകയുമായിരുന്നു.നാട്ടുകാരായ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ സഹായത്തിന് വിളിച്ചാൽ പിടിക്കപ്പെടുമെന്ന് ഭയന്നാണ് മരം മുറിക്കാനെത്തിയതിനിടെ സൗഹൃദത്തിലായ നിസാമിനെ ഷറഫ് സഹായത്തിനായി കൂട്ടാൻ തീരുമാനിച്ചത്. കഴുത്ത് വേർപെട്ട് രക്തത്തിൽ കുളിച്ച് കിടന്ന ഹാഷിമിന്റെ മൃതദേഹം

നിസാമിന്റെ സഹായത്തോടെയാണ് പ്ളാസ്റ്റിക് കവറിൽ പൊതിഞ്ഞത്. തുടർന്ന് കാലിത്തൊഴുത്തിന്റെ പിന്നിലുള്ള ചാണകക്കുഴിയിൽ രണ്ടടി താഴ്ചയിൽ കുഴിയെടുത്ത് മൃതദേഹം മൂടി. ഇതിന് മുകളിൽ മരത്തിന്റെ മരച്ചില്ലകൾ വെട്ടിയിട്ടു. കൃത്യം നടത്തിയതിന് ശേഷം നിസാം പിറ്റേന്ന് രാവിലെ പട്ടാഴിക്ക് പോവുകയും ഷറഫുദ്ദീൻ പഴയതുപോലെ പശുവിനെ നോക്കി കഴിയുകയുമായിരുന്നു. ഹാഷിം ഇവിടേക്ക് വന്നത് മറ്റാരും കാണാത്തതിനാൽ ഇവിടേക്ക് അന്വേഷണം നീളാനുള്ള സാദ്ധ്യതയില്ലെന്ന് കരുതിയാണ് മൃതദേഹവും ഇരുവരും ഇവിടെതന്നെ കുഴിച്ചുമൂടിയത്.

മൊബൈൽ ലൊക്കേഷനും പൊലീസ് നായയും തുണയായി

ബന്ധുവിനെ മർദ്ദിച്ച കേസിൽ വാറണ്ടുള്ളതിനാൽ ഹാഷിം രാത്രിയിൽ വീട്ടിൽ തങ്ങാറില്ലായിരുന്നു. കഴിഞ്ഞ മാസം 31ന് രാത്രിയോടെ ബന്ധുവിന്റെ കാറിൽ പുറത്തുപോയ ഹാഷിമിനെ രണ്ട് ദിവസം കഴിഞ്ഞും കാണാതായതോടെയാണ് ഭാര്യ പരാതി നൽകിയത്. സംശയമുള്ളവരെ പൊലീസ് ചോദ്യം ചെയ്തെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല. ഹാഷിം ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണിന്റെ ലൊക്കേഷൻ പരിശോധിച്ചപ്പോൾ മൊബൈൽ ഓഫായ സ്ഥലം ഷറഫുദ്ദീന്റെ വീടിന് സമീപമായിരുന്നു എന്ന് മനസിലായി. ഹാഷിം കാറിൽ വന്നിറങ്ങിയ സ്ഥലത്ത് നിന്ന് ഷർട്ടിന്റെ മണം പിടിച്ച പൊലീസ് നായ ഷറഫുദ്ദീന്റെ വീട്ടിലെത്തി. ഈ സമയം വീട്ടിലില്ലാതിരുന്ന ഷറഫുദ്ദീനെ പിന്നീട് കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നിസാമിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.