കൊല്ലം: 'ലോസ്റ്റ് വേൾഡ് ഒഫ് മോം' എന്ന പുസ്തകം രചിച്ച കൊല്ലം തഴുത്തല നാഷണൽ പബ്ലിക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി അല്ലൻ ഏറിക് ലാലിനെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാൽ. പുസ്തകം വായിച്ച മന്ത്രി അഭിനന്ദനമറിയിച്ചു കൊണ്ടുള്ള കത്ത് സ്കൂളിലേക്ക് അയച്ചുനൽകുകയായിരുന്നു.
ഐക്യരാഷ്ട്ര സംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സമാധാന സംഘടനയായ യു.ആർ.ഐ ലോകമെമ്പാടുമുള്ള യുവാക്കൾക്കായി സംഘടിപ്പിച്ച 'യൂത്ത് കണക്ഷൻ കഫേയിൽ' ഇന്ത്യയെ പ്രതിനിധീകരിച്ച് അല്ലൻ മുഖ്യപ്രഭാഷണം നടത്തിയിരുന്നു. 'പ്രകൃതിയും ഭാവിതലമുറയും' എന്നതായിരുന്നു വിഷയം. പതിനെട്ട് വയസിൽ താഴെയുള്ള ഒരു വിദ്യാർത്ഥി യൂത്ത് കണക്ഷൻ കഫേയിൽ ആദ്യമായി രാജ്യത്തെ പ്രതിനിധാനം ചെയ്തുവെന്ന ബഹുമതിക്കും ഇതിലൂടെ അല്ലൻ അർഹത നേടി.