ചാത്തന്നൂർ: ജീവിതത്തിലാദ്യമായി സമ്മതിദാനാവകാശം വിനിയോഗിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് കല്ലുവാതുക്കൽ സമുദ്രതീരം വയോജന കേന്ദ്രത്തിലെ അന്തേവാസികൾ. ജീവിതത്തിലെ ദുരിതപർവങ്ങൾ താണ്ടി സമുദ്രതീരത്തിന്റെ തണലിലെത്തിയ പതിനഞ്ചോളം വയോജനങ്ങളാണ് കല്ലുവാതുക്കൽ ഗവ. എൽ.പി.എസിലെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയത്.
ഊരും പേരുമില്ലാതെ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന തങ്ങളുടെ കുടുംബാംഗങ്ങൾക്ക് വോട്ടവകാശം നേടിയെടുക്കാൻ സമുദ്രതീരം അധികൃതർ ദൃഢനിശ്ചയത്തോടെ ഇറങ്ങിത്തിരിക്കുകയായിരുന്നു. മറ്റെങ്ങും വോട്ടില്ലെന്നും കല്ലുവാതുക്കൽ തന്നെയാണ് സ്ഥിരതാമസമെന്നും തെളിയിച്ചതോടെയാണ് അവർക്ക് വോട്ടർപട്ടികയിൽ ഇടംനേടാനായത്.
സമുദ്രതീരത്തിന്റെ മേൽവിലാസത്തിൽ അവർക്കൊപ്പം സമുദ്ര ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ റുവൽസിംഗും ജീവനക്കാരും ഉൾപ്പെടെ മുപ്പതുപേരാണ് വോട്ട് ചെയ്തത്. ഇതോടെ കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിൽ ഏറ്റവും കൂടുതൽ വോട്ടുകളുള്ള കൂട്ടുകുടുംബമായി സമുദ്രതീരം മാറി.