കൊല്ലം: മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷന്റെ 30-ാമത് വാർഷിക ദിനാഘോഷവും ഡോ. ഷഹാൽ ഹസൻ മുസലിയാർ, ആർ. പ്രകാശൻപിള്ള എന്നിവർക്കുള്ള ഗാന്ധി പുരസ്കാര സമർപ്പണവും നാളെ നടക്കുമെന്ന് ജനറൽ സെക്രട്ടറി അഡ്വ. എൻ. സുഗതൻ, കടവൂർ ഗോപകുമാർ എന്നിവർ അറിയിച്ചു. രാവിലെ 10.30ന് കൊല്ലം പബ്ളിക് ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ ദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും മേഘാലയ ഗവർണർ പി.എസ്. ശ്രീധരൻപിള്ള നിർവഹിക്കും.
പരിപാടികളുടെ ഭാഗമായി 'ഗാന്ധി ചിന്തകളുടെ പ്രസക്തിയും ആധുനിക ഭാരതം നേരിടുന്ന വെല്ലുവിളികളും' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ചർച്ചയും ടി.കെ.എം സെന്റിനറി സ്കൂളിൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഗാന്ധിയൻ പഠനകേന്ദ്രവും മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ നടപ്പിലാക്കുന്ന തൊഴിൽ പരിശീലന പരിപാടികൾ എൻ.കെ. പ്രേമചന്ദ്രൻ എം.പിയും ലൈബ്രറികളിലേക്ക് സൗജന്യമായി നൽകുന്ന ഗാന്ധി പുസ്തകങ്ങളുടെ വിതരണം എം. മുകേഷും ഉദ്ഘാടനം ചെയ്യും.
ഫൗണ്ടേഷൻ സംസ്ഥാന ചെയർമാൻ എസ്. പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിക്കും. മേയർ പ്രസന്ന ഏണസ്റ്റ് മുഖ്യാതിഥിയായിരിക്കും. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല പ്രൊ. വൈസ് ചാൻസലർ ഡോ. എസ്.വി. സുധീർ മുഖ്യപ്രഭാഷണം നടത്തും. ഫാ. ഡോ. ഒ. തോമസ് വിഷയാവതരണം നടത്തും. ശ്രീനാഥ് വിഷ്ണു, ജെ. വിജയൻ, ഡോ. ജി. വിജയകുമാർ, ബെർലി സിറിയക് നെല്ലുവേലി എന്നിവരെ ചടങ്ങിൽ ആദരിക്കും.