കൊല്ലം: ഒന്നരവയസുള്ളപ്പോൾ പിള്ളവാതം തളർത്തിയതാണ് കാരിയറ പൊടിമൺകടയിൽ വീട്ടിൽ അബൂബക്കറിനെ. ഇപ്പോൾ വയസ് 65 ആയി. പരിമിതിയുടെ പേരിൽ ഇതുവരെ വോട്ട് പാഴാക്കിയിട്ടില്ല. എല്ലാ തിരഞ്ഞെടുപ്പിലെയും പോലെ ഇന്നലെയും ഊന്ന് വടിയിലേറി പോളിംഗ് ബൂത്തിലേക്കെത്തി.
തനിയെ നടക്കാനാകില്ലെങ്കിലും 18 തികഞ്ഞപ്പോൾ തന്നെ അബൂബക്കർ വോട്ടർ പട്ടികയിൽ പേര് ചേർത്തു. കടയും മില്ലുമൊക്കെയുണ്ട്. ഉച്ചയ്ക്ക് ഒന്നേകാലോടെ തിരക്കൊഴിഞ്ഞപ്പോൾ ജീവനക്കാരന്റെ സ്കൂട്ടറിൽ കയറി പത്തനാപുരം മണ്ഡലത്തിലെ കാരിയറ ആർ.ബി.എം യു.പി.എസിലെ പോളിംഗ് ബൂത്തിലെത്തി. പണ്ട് ഊന്നുവടി ഊന്നി നടന്നാണ് വരവ്. പിന്നെ ഓട്ടോറിക്ഷയിലായി. ഇപ്പോൾ സ്കൂട്ടറുള്ള ആരെയെങ്കിലും ആശ്രയിക്കും. കടയിലെത്തുന്നവരുമാി രാഷ്ട്രീയം ചർച്ച ചെയ്യും. പലപ്പോഴും ചർച്ചയ്ക്ക് തുടക്കമിടുന്നത് തന്നെ അബൂബക്കറാണ്. പിന്നെങ്ങനെ വോട്ട് ചെയ്യാതിരിക്കാനാകും?