ചാത്തന്നൂർ: ഹൈടെക് വിദ്യാലയത്തിൽ സജ്ജമാക്കിയ പോളിംഗ് സ്റ്റേഷൻ മഴയിൽ ചോർന്നൊലിച്ചതോടെ അൽപ്പനേരം വോട്ടെടുപ്പ് തടസപ്പെട്ടു. അന്തർദ്ദേശീയ നിലവാരത്തിൽ നിർമ്മിച്ച ചാത്തന്നൂർ ജി.വി.എച്ച്.എസ്.എസിലെ 50-ാം നമ്പർ ബൂത്താണ് ഇന്നലെ ഉച്ചയോടെ പെയ്ത മഴയിൽ ചോർന്നൊലിച്ചത്. ഹൈടെക് നിലവാരത്തിൽ നിർമ്മിച്ച കെട്ടിടമുണ്ടായിരുന്നിട്ടുകൂടി പഴയ കെട്ടിടത്തിലാണ് പോളിംഗ് ബൂത്ത് സജ്ജമാക്കിയിരുന്നത്. പിന്നീട് കമ്പ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങൾ ചോർച്ചയില്ലാത്തിടത്തേക്ക് മാറ്റിവച്ചാണ് വോട്ടെടുപ്പ് തുടർന്നത്.
അതേസമയം, കഴിഞ്ഞ മാസം അൻപത് ലക്ഷം രൂപ ചെലവിൽ അറ്റകുറ്റപ്പണികൾ നടത്തിയ കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂളിൽ ഒരുക്കിയ പോളിംഗ് ബൂത്ത് മഴയത്ത് ചോർന്നൊലിച്ചത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി. എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച തുക വിനിയോഗിച്ച് സ്കൂളിൽ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ തുടക്കം മുതൽ ആരോപണം ഉയർന്നിരുന്നു. തകർച്ചയുടെ വക്കിലെത്തിയ സ്കൂൾ കെട്ടിടം നവീകരിക്കാതെ പ്രധാന കവാടവും ടോയ്‌ലെറ്റ് ബോക്കും നിർമ്മിക്കാനും പെയിന്റിംഗ് ജോലികൾക്കും മാത്രമായാണ് തുക വിനിയോഗിച്ചതെന്നായിരുന്നു ആക്ഷേപം.
യന്ത്രങ്ങൾ തകരാറിലായി
വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായതിനെ തുടർന്ന് കിഴക്കനേല നന്ദവിലാസം യു.പി സ്കൂൾ, ചാത്തന്നൂർ ഗവ. എൽ.പി സ്കൂൾ, വേളമാനൂർ ഗവ. യു.പി സ്കൂൾ എന്നിവിടങ്ങളിൽ മണിക്കൂറുകളോളം വോട്ടെടുപ്പ് തടസപ്പെട്ടു. പത്തുമണിയോടെ കൊല്ലത്ത് നിന്ന് പകരം വോട്ടിംഗ് യന്ത്രങ്ങൾ എത്തിച്ചാണ് ചാത്തന്നൂർ എൽ.പി സ്കൂളിൽ വോട്ടിംഗ് പുനരാരംഭിച്ചത്. മറ്റിടങ്ങളിൽ തകരാർ പരിഹരിച്ച് വോട്ടിംഗ് തുടരുകയായിരുന്നു. കൊവിഡ് കണക്കിലെടുത്ത് തിരക്ക് ഒഴിവാക്കുന്നതിനായി ഇരട്ടിയോളം ബൂത്തുകളും അധികസമയവും നൽകിയിട്ടുള്ളതിനാൽ യന്ത്രത്തകരാറിന്റെ പേരിൽ കൂടുതൽ സമയം നൽകേണ്ടെന്ന നിലപാടിലായിരുന്നു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ.