കൊല്ലം: കൊട്ടാരക്കരയിൽ കലാപങ്ങളില്ലാത്ത തിരഞ്ഞെടുപ്പ്, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ആശ്വാസം. കൃത്യസമയത്ത് പോളിംഗ് തുടങ്ങാനും അവസാനിപ്പിക്കാനുമായതിന്റെ സന്തോഷം എല്ലാ കേന്ദ്രങ്ങളിലുമുണ്ട്. ചിലയിടത്ത് വോട്ടിംഗ് മെഷീന് ചില്ലറ പിണക്കങ്ങൾ ഉണ്ടായതൊഴിച്ചാൽ മറ്റ് അനിഷ്ഠ സംഭവങ്ങളൊന്നുമുണ്ടായില്ല. തീവ്ര പ്രശ്നബാധിതം, പ്രശ്ന ബാധിതം എന്നീ തരംതിരിച്ച് പോളിംഗ് ബൂത്തുകൾക്ക് സ്പെഷ്യൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ അവിടെയൊന്നും ചെറിയ രീതിയിലുള്ള പ്രശ്നങ്ങൾ പോലും ഉണ്ടായില്ലെന്നാണ് വിവരം. തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ തിരിച്ചറിയൽ കാർഡുമായെത്തിയ ചിലർക്ക് വോട്ടില്ലാത്തതിന്റെ പേരിൽ ചില നീരസപ്രകടനങ്ങളുണ്ടായിരുന്നു.
ഇരട്ട വോട്ടും കള്ളവോട്ടുമില്ല
ഇരട്ടവോട്ടും കള്ളവോട്ടുമൊന്നും നടന്നിട്ടില്ലെന്നുതന്നെയാണ് ബൂത്ത് കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. ആഴ്ചകളായി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്നവർക്ക് പോളിംഗ് ദിവസം പഴയ രീതിയിലുള്ള ആവേശമൊന്നും കണ്ടില്ല. ഒരു മുന്നണിയ്ക്കും അത്തരത്തിൽ വീറും വാശിയും പ്രകടമായതുമില്ല. രാവിലെ ഏഴ് മണി മുതൽതന്നെ വോട്ടർമാരുടെ നീണ്ട നിര മിക്ക ബൂത്തുകളിലും കാണാനിടയായി. അതിന്റെ പ്രതിഫലനമെന്നവണ്ണം ഉച്ചയ്ക്ക് 12 മണിവരെ 42 ശതമാനം പോളിംഗ് നടക്കുകയും ചെയ്തു. നാല് മണിയ്ക്ക് മുൻപായി 64.26 ശതമാനം പോളിംഗ് നടന്നതോടെ തിരഞ്ഞെടുപ്പ് കേന്ദ്രങ്ങൾക്ക് ആശ്വാസമായി. ഇടത് മുന്നണി സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലിന് പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിലായിരുന്നു വോട്ട്. രാവിലെ കലഞ്ഞൂർ ഗവ.എൽ.പി സ്കൂളിലെത്തി വോട്ടിട്ടശേഷമാണ് ബാലഗോപാൽ മണ്ഡലത്തിലെ ബൂത്തുകളിൽ പര്യടനം നടത്തിയത്. യു.ഡി.എഫ് സ്ഥാനാർത്ഥി ആർ.രശ്മി കുളക്കട ഡി.വി.യു.പി സ്കൂളിലെത്തി വോട്ടിട്ടശേഷം മിക്ക ബൂത്തുകളിലും പര്യടനം നടത്തി. എൻ.ഡി.എ സ്ഥാനാർത്ഥി വയയ്ക്കൽ സോമൻ ഭാര്യ വീണയ്ക്കൊപ്പം രാവിലെ ഏഴിനുതന്നെ വയയ്ക്കൽ എൽ.എം.എസ് സ്കൂളിലെത്തി വോട്ടിട്ടു. കടുത്ത മത്സരമാണ് നടന്നതെന്നാണ് പൊതു വിലയിരുത്തൽ.