polling

കൊല്ലം: നാല് വശവും വെള്ളവിരിച്ച ചെറുപന്തലുകൾ. ഇടയ്ക്കിടെ അവിടേയ്ക്ക് തെന്നിയും തെറിച്ചും ആളുകളെത്തുന്നു, ചിലർ മടങ്ങിപ്പോകുന്നു. പന്തലിനുള്ളിലും ചെറിയ ആൾക്കൂട്ടം. ചെറിയൊരു കല്യാണമേളത്തിന്റെ ലക്ഷണമുണ്ട്,​ പക്ഷേ കല്യാണ വീടൊന്നുമല്ല. പത്തനാപുരം മണ്ഡലത്തിലെ ചെങ്ങമനാട് പോളിംഗ് സ്റ്റേഷനാണ്.

പന്തലിൽ പോളിംഗ് സ്റ്റേഷൻ ഒരുക്കിയതിന് പിന്നിൽ ഒരുകഥയുണ്ട്. ഈ പന്തൽ നിൽക്കുന്നിടത്ത് സമീപംകാലം വരെ ഒരു സ്കൂൾ കെട്ടിടം ഉണ്ടായിരുന്നു. എല്ലാ തിരഞ്ഞെടുപ്പിലും ഈ സ്കൂൾ കെട്ടിടം പോളിംഗ് സ്റ്റേഷനായിരിക്കും. അടുത്തിടെ പുനർനിർമ്മാണത്തിനായി സ്കൂൾ കെട്ടിടം പൂർണമായും പൊളിച്ചുനീക്കി. പക്ഷെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യം അറിഞ്ഞില്ല. പതിവുപോലെ ചെങ്ങമനാട് ഗവ. എൽ.പി.എസിൽ ബൂത്ത് നിശ്ചയിച്ചു. തിര‌ഞ്ഞെടുപ്പിന് ഒരാഴ്ച മുൻപാണ് സ്കൂൾ പൊളിച്ചുനീക്കിയ വിവരം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിഞ്ഞത്. പകരം പോളിംഗ് സ്റ്റേഷൻ ഒരുക്കാൻ സൗകര്യപ്രദമായ സ്ഥലമില്ല. ഒടുവിൽ സ്കൂൾ നിന്നിടത്ത് തന്നെ പന്തൽ കെട്ടി ബൂത്തൊരുക്കുകയായിരുന്നു.

താത്കാലിക സൗകര്യമാണെങ്കിലും ഹരിതചട്ടം കൃത്യമായി പാലിക്കുന്നുണ്ട്. ഭക്ഷണാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും നിക്ഷേപിക്കാൻ ഓലകൊണ്ടുള്ള വല്ലം എല്ലാ ബൂത്തുകൾക്ക് മുന്നിലും വച്ചിട്ടുണ്ട്.