ജില്ലയിൽ വോട്ടെടുപ്പ് ശാന്തം
കൊല്ലം: ശബ്ദ - നിശബ്ദ പ്രചാരണവും കടന്ന് ഇന്നലെ പോളിംഗ് ബൂത്തിലെത്തിയ ജനം വോട്ടുകുത്തി, നാളെയുടെ വിധി. എന്നാൽ കൊവിഡ് പേടിയിൽ രാവിലെ മുതൽ ഉച്ചവരെ വലിയ ക്യൂവൊന്നും മണ്ഡലങ്ങിൽ ദൃശ്യമായിരുന്നില്ല. എങ്കിലും ജില്ലയിൽ 73.07 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കഴിഞ്ഞ തവണ 75.07 ശതമാനമായിരുന്നു. ഇക്കുറി ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് കരുനാഗപ്പള്ളി മണ്ഡലത്തിലാണ്. കുറവ് പുനലൂരിലും.
ശാന്തമായി മുന്നേറിയ വോട്ടെടുപ്പ് വൈകിട്ട് മൂന്നിന് ശേഷമാണ് മത്സരാവേശത്തിലേയ്ക്ക് കടന്നത്. മുൻപ് രണ്ട് ബൂത്തുകൾ ഉണ്ടായിരുന്നിടത്ത് ഇത്തവണ മൂന്നും നാലും ബൂത്തുകളായതും തിരക്ക് കുറച്ചു. മേയ് രണ്ടിനാണ് ഫലപ്രഖ്യാപനം.
കുന്നത്തൂരിൽ ഉച്ചയ്ക്ക് മുന്നേ പകുതി വോട്ട് പെട്ടിയിൽ
മണ്ഡലത്തിലെ ശാസ്താംകോട്ട അമ്മ മെമ്മോറിയൽ സ്‌കൂളിൽ രാവിലെ 10.30ന് 28 ശതമാനം പേർ വോട്ടിട്ടു. പുരുഷന്മാരായിരുന്നു മുന്നിൽ. ശാസ്താംകോട്ട, ശൂരനാട് തെക്ക്, വടക്ക് പഞ്ചായത്തുകളിലും വോട്ടിംഗ് ശതമാനം സമാനമായിരുന്നു. നിരത്തുകളിൽ ആളനക്കം കുറവാണെങ്കിലും മണ്ഡലത്തിൽ ഉച്ചയ്ക്ക് മുന്നേ പകുതി വോട്ടുകളും പെട്ടിയിലായി. പോരുവഴി പഞ്ചായത്തിലെ ജയജ്യോതി സ്‌കൂളിൽ പതിനൊന്നോടെ 34 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി.
കരുനാഗപ്പള്ളിയിൽ ആവേശം
രാവിലെ പതിനൊന്നോടെ കരുനാഗപ്പള്ളി നിയമസഭാ മണ്ഡലങ്ങളിലെ മിക്ക പോളിംഗ് ബൂത്തുകളിലും ആവേശം പടർന്ന് തുടങ്ങി. അപ്പോഴേയ്ക്കും 32.95 ശതമാനം വോട്ടിംഗ് പിന്നിട്ടിരുന്നു. അതിനിടെ ഇടത് സ്ഥാനാർത്ഥി ആർ. രാമചന്ദ്രനും സംഘവും അവിടെയെത്തി. വിജയിക്കുമെന്ന അത്മവിശ്വാസത്തോടെ അദ്ദേഹം മടങ്ങി.
ശാന്തമായി കൊട്ടാരക്കര
കൊട്ടാരക്കരയിലെ മിക്ക മണ്ഡലങ്ങളിലും ആളനക്കം കുറവായിരുന്നു. എങ്കിലും നഗരത്തിലെ മാർത്തോമ്മാ ഗേൾസ് ഹൈസ്‌കൂളിൽ ഉച്ചയ്ക്ക് 12.39ന് വോട്ടിംഗ് 40 ശതമാനം പിന്നിട്ടു. കൊവിഡ് നിയന്ത്രണമെന്ന് തോന്നും പോലെ നിരത്തുകൾ വിജനമായിരുന്നു. അതീവ പ്രശ്നബാധിത ബൂത്തുകളിലൊന്നായ കോട്ടാത്തല ഗവ. എൽ.പി.എസ് ബൂത്തിൽ അഞ്ച് കേന്ദ്ര സേനാംഗങ്ങൾ തോക്കേന്തി നിൽക്കുന്നു.
പോളിംഗ് ആറ് മണിക്കൂർ പിന്നിട്ടപ്പോഴും രംഗം ശാന്തം. ബൂത്ത് നമ്പർ 50 ൽ
12.15 ന് പോളിംഗ് ശതമാനം 48.56 പിന്നിട്ടു.
ആവേശം ചോരാതെ പത്തനാപുരം
മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് നല്ല ആവേശം. മൂന്ന് മുന്നണികളുടെയും ബോർഡുകളും പോസ്റ്ററുകളും എങ്ങും നിറഞ്ഞിരിക്കുന്നു. വോട്ട് ചെയ്യാൻ പോകുന്നവരോട് ചിരിച്ച് കുശലം ചോദിച്ച് പാർട്ടി പ്രവർത്തകർ. ചിലർ വിജയ-പരാജയ സാദ്ധ്യതകൾ വിലയിരുത്തുന്നു. വോട്ടിടാൻ രണ്ടോ മൂന്നോ പേരെ എത്തുന്നുള്ളുന്നുവെങ്കിലും സർക്കാർ മുക്കിലാകെ തിരക്കായിരുന്നു. ഉച്ചയ്ക്ക് 12.45നും ചെങ്ങമനാട് ഗവ.എൽ.പി.എസിലെ താത്കാലിക പോളിംഗ് സ്റ്റേഷനുകളിലും ശതമാനം കുറവായിരുന്നു. ചുറ്റും മരങ്ങൾ നിറഞ്ഞ കാരിയറ ആർ.ബി.എം യു.പി.എസിലും നട്ടുച്ചയ്ക്കും നല്ല തണുപ്പൻ അന്തരീക്ഷം.
പുനലൂരിൽ കൂട്ടമായെത്തി വോട്ടിട്ടു
സമയം ഉച്ചയ്ക്ക് 2.15. പോളിംഗ് സ്റ്റേഷനാണെങ്കിലും പുനലൂർ തൊളിക്കോട് ഗവ.എൽ.പി.എസ് സ്കൂൾ ഉച്ചയുറക്കത്തിലാണ്. വോട്ടർമാർ തെന്നിയും തെറിച്ചും എത്തുന്നു. രണ്ട് ബൂത്തുകളിൽ ഒരു വോട്ടർ പോലുമില്ല. ഉച്ചയ്ക്ക് മുൻപ് ഇതായിരുന്നില്ല സ്ഥിതി. വോട്ടർമാർ കൂട്ടത്തോടെയെത്തി വോട്ട് ചെയ്തു മടങ്ങി. അതുകൊണ്ട് തന്നെ ബൂത്തുകളിൽ ആളില്ലെങ്കിലും പോളിംഗ് ശതമാനം 48 പിന്നിട്ടിരുന്നു.
ആവേശം ചോർന്ന് ചാത്തന്നൂർ
സമയം വൈകിട്ട് അഞ്ചോടടുക്കുമ്പോഴും ചാത്തന്നൂർ മണ്ഡലത്തിലെ ശീമാട്ടി എൽ.എം.എസ് യു.പി.എസിൽ കാര്യമായ തിരക്കില്ല. എല്ലാ ബൂത്തുകൾക്ക് മുന്നിലും അഞ്ചോ ആറോ വോട്ടർമാർ. മഴ പല വോട്ടർമാരുടെയും വഴിമുടക്കി. പോളിംഗ് ശതമാനം 59 ശതമാനമേ എത്തിയിട്ടുള്ളു. മഴ മാറിയതോടെ വോട്ടർമാർ തെന്നിയും തെറിച്ചു വന്നുതുടങ്ങുന്നു.
കുണ്ടറയിൽ റെക്കാർഡ് പോളിംഗ്
ഡിസന്റ് മുക്ക് പബ്ലിക് ലൈബ്രറിയിലെ പോളിംഗ് സ്റ്റേഷന് മുന്നിൽ ഒരു മനുഷ്യൻ പോലുമില്ല. നേരം ഇരുട്ടിത്തുടങ്ങുന്നു. സമയം 5.25 ആയപ്പോൾ 79 ശതമാനം പോളിംഗ് കഴിഞ്ഞിരുന്നു. ഇനി ഒറ്റപ്പെട്ട് ആരെങ്കിലും വന്നാലായി. കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്ന രണ്ട് മൂന്ന് വോട്ടർമാർ വരുമെന്ന് അറിയിച്ചിട്ടുണ്ട്. അവർ വരുന്നതിന് മുൻപ് പി.പി.ഇ കിറ്റ് ധരിക്കാനുള്ള ഒരുക്കത്തിലാണ് ഉദ്യോഗസ്ഥർ.
ചലിക്കാതെ ചടയമംഗലം
ചടയമംഗലം മണ്ഡലത്തിലെ ജഡായുപ്പാറയ്ക്ക് അഭിമുഖമായുള്ള മേടയിൽ ഗവ. യു.പി.എസ് - സമയം വൈകിട്ട് 3.15, കുറച്ച് പൊലീസ് ഉദ്യോഗസ്ഥരും പേരിന് ചില വോട്ടർമാരും. അതുവരെ പോളിംഗ് 47.53 ശതമാനം. സമയം വൈകിട്ട് 3.40. നിലമേൽ സ്വകാര്യബസ് സ്റ്റാൻഡിന് സമീപത്തെ 69 -ാം നമ്പർ ബൂത്ത്. ഒരുവാഹനം തടഞ്ഞിട്ടിരിക്കുന്നു. സ്ഥാനാർത്ഥിയുടെ ചിത്രം പതിപ്പിച്ച വാഹനം പോളിംഗ് ബൂത്തിന് സമീപത്ത് എത്തിയതിലുള്ള പ്രതിഷേധമാണ്. പ്രാദേശിക നേതാക്കൾ ഇടപെട്ട് വാഹനം കടത്തിവിട്ടു.
തിളച്ചും തണുത്തും ഇരവിപുരം
എല്ലാ തിരഞ്ഞെടുപ്പുകളിലെയും പോലെ ഇരിവിപുരത്തെ വലിയൊരു വിഭാഗം വോട്ടർമാർ ഉച്ചയ്ക്ക് മുൻപേ വോട്ട് ചെയ്തു. അതുകൊണ്ട് തന്നെ ഉച്ചയ്ക്ക് ശേഷം ഇരവിപുരത്തെ ബൂത്തുകളെല്ലാം ഉറക്കച്ചടവിലായിരുന്നു. വൈകിട്ടായതോടെ വീണ്ടും വോട്ടർമാർ ഒഴുകിയെത്തി. പക്ഷെ ശക്തമായ മത്സരത്തിന്റെ ലക്ഷണം പോളിംഗിൽ കാണാനില്ല. എന്നാൽ തീരദേശ മേഖലയിൽ കനത്ത പോളിംഗ് ഉണ്ടായിട്ടുണ്ട്.
കൊല്ലത്ത് അമിതാവേശം ലവലേശമില്ല
കൊല്ലത്ത് ശക്തമായ മത്സരമെന്നാണ് നാടെമ്പാടും പറഞ്ഞുകേട്ടത്. പക്ഷെ പോളിംഗിൽ അതൊന്നും കണ്ടില്ല. പോളിംഗ് ശതമാനത്തിലും മുന്നണികൾ വാശിയോടെ വോട്ട് ചെയ്യിപ്പിച്ച ലക്ഷണമില്ല. ഏറ്റവും വാശിയേറിയ മത്സരം നടക്കുന്ന കരുനാഗപ്പള്ളി, ചവറ മണ്‌ഡലങ്ങളിൽ വോട്ടെടുപ്പ് തുടങ്ങിയപ്പോൾ തന്നെ പോളിംഗ് ശതമാനം കുതിച്ചുയർന്നു. എന്നാൽ കൊല്ലം മണ്ഡലത്തിൽ മെല്ലെ മെല്ലെയായിരുന്നു പോളിംഗ്. ഉച്ചയ്ക്ക് 12ഓടെ മറ്റ് പല മണ്ഡലങ്ങളിലും പോളിംഗ് ശതമാനം 40 കടന്നെങ്കിലും കൊല്ലം 39ൽ ഒതുങ്ങിനിന്നു. വോട്ട് ചെയ്യാത്തവർ ഉച്ചയ്ക്ക് ശേഷവും കാര്യമായി ഒഴുകിയെത്തിയില്ല.
ചവറയിൽ വനിതകൾ വിധിയെഴുതും ബൂത്തുകൾ രണ്ടായി വിഭജിച്ചതിനാൽ എങ്ങും വലിയ തിരക്കില്ലായിരുന്നു. പക്ഷെ ശക്തികുളങ്ങര സെന്റ് ജോസഫ് സ്കൂളിലെ ബൂത്തിന് മുന്നിൽ വനിതകൾ നിരനിരയായി നിൽക്കുന്നു. പുരുഷന്മാരുടെ ക്യൂ പോയിട്ട് ഒരാൾ പോലും പരിസരത്തില്ല. വീട്ടുജോലിയെല്ലാം തീർത്ത ശേഷം വീട്ടമ്മമാർ കൂട്ടത്തോടെ വോട്ട് ചെയ്യാൻ ഇറങ്ങിയതാണ്. സമയം പത്ത് ആയതേയുള്ളു. ഇവിടെ പോളിംഗ് ശതമാനം 30 കടന്നു. ജോലിയുള്ള പുരുഷന്മാർ രാവിലെ തന്നെ വോട്ട് ചെയ്തു.
പോളിംഗ് ശതമാനം
മണ്ഡലം - ഇത്തവണ - 2016ൽ
കരുനാഗപ്പള്ളി- 78.51% - 79.37%
ചവറ-76.09% - 78.55%
കുന്നത്തൂർ- 75.22% - 76.63%
കൊട്ടാരക്കര-72.23% - 75.04%
പത്തനാപുരം-72.05% - 74.83%
പുനലൂർ- 69.28% - 70.60%
ചടയമംഗലം-70.72% - 73.78%
കുണ്ടറ-73.92% - 76.22%
കൊല്ലം- 72.12% - 74.09 %
ഇരവിപുരം-70.57% - 73.40%
ചാത്തന്നൂർ-72.24% - 74.03%