vot
തെന്മല പഞ്ചായത്തിലെ വെളളിമല ന്യൂ എൽ.പി.സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ വൃദ്ധ ദമ്പതികൾ

പുനലൂർ: മണ്ഡലത്തിലെ പോളിംഗ് പൊതുവേ സമാധാന പരമായിരുന്നു.പോളിംഗ് സ്റ്റേഷനുകളിൽ സാധാരണ നിലയിൽ കണാറുള്ള നീണ്ട ക്യൂ ഇത്തവണ എങ്ങും അനുഭവപ്പെട്ടില്ല.1000 വോട്ടർമാർക്ക് പുറത്തുള്ള ബൂത്തുകൾ ഇത്തവണ രണ്ട് ബൂത്തുകളായി തിരിച്ചതാണ് വോട്ടർമാരുടെ തിരക്ക് കുറയാൻ കാരണമെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ രാവിലെ 7ന് പോളിംഗ് സ്റ്റേഷനുകളുടെ മുന്നിൽ വോട്ടർമാരുടെ ചെറിയ തിരക്ക് അനുഭവപ്പെട്ടെങ്കിലും പിന്നീട് എല്ലാ ബൂത്തുകളിലും പോളിംഗ് മന്ദഗതിയിലായിരുന്നു. ഉച്ചയോടെ 49.09 ശതമാനം പോളിംഗ് നടന്നെങ്കിലും വൈകിട്ട്7 മണിയായപ്പോൾ 69.24 ശതമാനമായി ഉയർന്നു.312 പോളിംഗ് സ്റ്റേഷനുകളിൽ ചില ബൂത്തുകളിൽ വോട്ടിംഗ് യന്ത്രങ്ങൾ പണി മുടക്കിയത് ഒഴിച്ചാൽ മറ്റ് തടസങ്ങൾ ഇല്ലാതെ പോളിംഗ് തുടർന്നു.കൊവിഡ് കണക്കിലെടുത്ത് എല്ലാ ബൂത്തുകളിലും എത്തിയ വോട്ടർമാരുടെ താപനില പരിശോധിച്ച ശേഷം സാനിറ്റൈസർ ഒഴിച്ച് കൈകൾ കഴുകിയ ശേഷമായിരുന്നു പോളിംഗ് സ്റ്റേഷനുകളിലേക്ക് വോട്ട് ചെയ്യാൻ കടത്തി വിട്ടത്.ഇതിന് പ്രത്യേക ജീവനക്കാരെയും ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു.ഇവർ ഉൾപ്പടെ ഓരോ പോളിംഗ് സ്റ്റേഷനുകളിലും 7ജീവനക്കാരെ വീതമായിരുന്നു നിയമിച്ചിരുന്നത്. കൊവിഡ് സുരക്ഷ കണക്കിലെടുത്ത് മണ്ഡലത്തിലെ ചില ബൂത്തുകളിൽ വോട്ടർമാർക്ക് കൈയുറയും നൽകിയിരുന്നു.വൃദ്ധരായ വോട്ടർമാരെ എടുത്ത്കൊണ്ട് വന്നു വോട്ട് ചെയ്യുന്ന കാഴ്ചകൾ മിക്ക ബൂത്തുകളിലും കാണാമായിരുന്നു. ഇത് കൂടാതെ കൈകുഞ്ഞുമായി ഡ്യൂട്ടിക്കെത്തിയ അങ്കണവാടി ജീവനക്കാരുമുണ്ടായിരുന്നു.കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയായിരുന്നു പോളിംഗ് നടന്നത്.എ.ഡി.ജി.പി ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ മണ്ഡലത്തിലെ പോളിംഗ് ബൂത്തുകളിൽ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.രാത്രി 7 വരെ പോളിംഗ് നീണ്ട് നിന്നു.