പത്തനാപുരം : ഇടത്തറയിൽ മുഹമ്മദൻ സ്കൂളിലെ ബൂത്തിൽ പോളിംഗിനിടെ വാക്കേറ്റം. എൽ.ഡി.എഫ്,യു. ഡി .എഫ് പ്രവർത്തകർ തമ്മിലാണ് വാക്കേറ്റമുണ്ടായത്. വോട്ട് ചെയ്യാൻ ക്യൂ നിൽക്കുന്നതിനെപ്പറ്റിയും എൽ.ഡി. എഫ്,​യു.ഡി .എഫ് പ്രവർത്തകർ വോട്ടർമാരെ സ്വാധീനിക്കുന്നു എന്നാരോപിച്ചുമാണ് ഇരു വിഭാഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായത്. സ്കൂളിന് സമീപത്തായി ഇരു വിഭാഗത്തെയും പ്രവർത്തകർ തടിച്ചു കൂടി .പത്തനാപുരം സി.ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസും സായുധ സേനാഗംങ്ങളും എത്തി വോട്ടർമാരല്ലാത്തവരെ പരിസരത്ത് നിന്ന് ഒഴിവാക്കി രംഗം ശാന്തമാക്കുകയായിരുന്നു. മണ്ഡലത്തിലെ പ്രശ്നബാധിത ലിസ്റ്റിൽ ഉൾപ്പെട്ട ബൂത്താണ് ഇടത്തറ . സംഘർഷ സാദ്ധ്യത മുന്നിൽ കണ്ട് കൂടുതൽ പൊലീസിനെ വിന്യസിച്ചിരുന്നു.