ഏരൂർ: വോട്ട് ദിനത്തിലെ പൊരിവെയിലിലും തളരാതെ പ്രവർത്തിച്ച ഹരിതകർമ്മസേന ജനശ്രദ്ധ പിടിച്ചുപറ്റി. ഏരൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലും എൽ.പി എസിലുമായി പ്രവർത്തിച്ച വോട്ടെടുപ്പ് കേന്ദ്രങ്ങളെ മാലിന്യമുക്തമാക്കുവാൻ കഠിന പ്രയത്നം ചെയ്ത ഹരിതകർമ്മ സേനാംഗങ്ങളാണ് ജനമനസുകളിൽ ഇടം നേടിയത്. വോട്ടെടുപ്പ് തുടങ്ങുന്നതിന് മുൻപുതന്നെ പോളിംഗ് കേന്ദ്രങ്ങൾക്ക് മുന്നിൽ മെടഞ്ഞ പച്ചോലയിൽ ഹരിതകർമ്മസേന എന്ന ബോർഡ് സ്ഥാപിച്ചിരുന്നു.എല്ലാ ബൂത്തുകളിലും മാലിന്യങ്ങൾ നിക്ഷേപിയ്ക്കുന്നതിനായി ഓലയിൽ മെടഞ്ഞെടുത്ത വല്ലവും സ്ഥാപിച്ചു.തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ബൂത്ത് ഏജന്റുമാരും ഉപയോഗിച്ച വെള്ളക്കുപ്പികൾ, വോട്ടർമാർ കൊണ്ടുവരുന്ന സ്ലിപ്പുകൾ തുടങ്ങി ബൂത്തിൽ എത്തുന്ന എല്ലാവിധ മാലിന്യങ്ങളും വല്ലത്തിലാണ് നിക്ഷേപിച്ചത്.വല്ലം നിറഞ്ഞ് കവിയും മുമ്പുതന്നെ അവ നീക്കം ചെയ്യുന്നതിലും വോട്ടർമാരും മറ്റും വലിച്ചെറിയുന്ന തുണ്ട് കടലാസുവരെയും അപ്പപ്പോൾ നീക്കം ചെയ്യുന്നതിലും സേനാംഗങ്ങൾ കാണിച്ച ശ്രദ്ധയും ആത്മാർത്ഥതയുമാണ് ജനശ്രദ്ധ ആകർഷിച്ചത്.പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തശേഷം മറ്റുള്ളവ പ്രത്യേകമായി തയ്യാറാക്കിയ കുഴിയിൽ കത്തിച്ചുകളയുകയായിരുന്നു. വിജയകുമാരി,ഗീത,ലളിത,ജഗദമ്മ,സിബി,രാധാമണി, സന്ധ്യ,ഷീജ,മണി,ശ്യാമള എന്നിവരായിരുന്നു സേനാംഗങ്ങൾ.