കൊല്ലം: ഇടതുകൈയും ഇടതുകാലും തളർന്നു, പരസഹായമില്ലാതെ ഒന്നും ചെയ്യാനാകില്ല, എങ്കിലും എല്ലാ തിരഞ്ഞെടുപ്പിലും മുടങ്ങാതെ വോട്ടുചെയ്യാനെത്തുന്ന ഒരാൾ തൊടിയൂരിലുണ്ട്. തൊടിയൂർ പള്ളിക്ക് സമീപം ഇടശേരി തെക്കതിൽ പ്രസാദ് (45) ഇതുവരെ ഒരു വോട്ടും മുടക്കിയിട്ടില്ല. പ്രദേശവാസികളായ പലരുടെയും ഇരുചക്രവാഹനത്തിൽ കയറിയും അല്പം നടന്നുമൊക്കെയാണ് സാധാരണ പോളിംഗ് ബൂത്തിലെത്തുന്നത്. അമ്മ ഓമന പ്രസാദിന്റെ ഇഷ്ടത്തിന് എതിര് നിൽക്കാറില്ല.
മൂന്നര വയസുള്ളപ്പോൾ ഒരു സർജറിയുടെ ഭാഗമായാണ് പ്രസാദിന്റെ ഇടതുവശത്തെ കൈകാലുകൾ തളർന്നത്. അതിനുശേഷം മാതാപിതാക്കളുടെയും സഹോദരന്റെയും സഹായത്താലാണ് ജീവിതം മുന്നോട്ടുപോകുന്നത്. നാട്ടിലും വീടിന് സമീപത്തെ ക്ഷേത്രത്തിലും തന്നാലാകുന്ന തരത്തിലുള്ള ജോലികളും ചെയ്യാറുണ്ട്. ഭാരിച്ച ജോലികൾ ചെയ്യാനാകില്ലെങ്കിലും സ്വന്തം ചെലവിനുള്ളത് കണ്ടെത്താൻ എന്തെങ്കിലുമൊക്കെ ചെയ്യണ്ടേയെന്നാണ് പ്രസാദിന്റെ പക്ഷം.