ഓയൂർ: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഓയൂരും പരിസര പ്രദേശങ്ങളിലും നാശം സംഭവിച്ചു. വീടിന്റെ മേൽക്കൂര കാറ്രിൽ ഇളകിമാറിയും വീടിന് മുകളിലും വൈദ്യുതി പോസ്റ്റുകൾക്ക് മുകളിലും മരങ്ങൾ ഒടിഞ്ഞ് വീണുമാണ് നാശം ഉണ്ടായത്. മൈലോട്, നെല്ലിപ്പറമ്പ്, പാണയം, പൊരിയക്കോട്, കാറ്റാടി മരുതമൻപള്ളി , അമ്പലംകുന്ന്, ഓയൂർ ടൗൺ, പുത്തൻവിള, വെളിനല്ലൂർ, അടയറ, കാളവയൽ കുരിശിൻ മൂട് ഭാഗങ്ങിൽ മരങ്ങൾ കെട്ടിടത്തിന്റെയും വീടിന്റെയും മുകളിലും വൈദ്യുതി പോസ്റ്റുകളുടെയും മുകളിൽ വീഴുകയായിരുന്നു. അമ്പലംകുന്ന് ചെങ്കൂർ ജുമാമസ്ജിദിന് സമീപമുള്ള പള്ളിവക കെട്ടിടത്തിന്റെ ടിൻ ഷീറ്റ്,മേൽക്കൂരയും, ഓയൂർ ചുങ്കത്തറയിൽ സുജിത് വിലാസത്തിൽ ശ്യാമളയുടെ വീടിന്റെ ടിൻ ഷീറ്റ് മേൽക്കൂരയും കാറ്റിൽ പറന്ന് നിലംപതിച്ചു. മൈലോട് പൊരിയക്കോട് റോഡിന് കുറുകെ മരംവീണ് ഗതാഗതം തടസപ്പെട്ടു. നെല്ലിപ്പറമ്പ് ചരുവിള പുത്തൻവീട്ടിൽ വിനോദിന്റെ കൃഷിയിടത്തിലെ വാഴകൾ കാറ്റിൽ നിലംപതിച്ചു. ഓയൂർ കെ.എസ്.ഇ.ബിയുടെ വിവിധ പ്രദേശങ്ങളിലായി ഇരുപതിലധികം വൈദ്യുതി തൂണുകൾ ഒടിഞ്ഞും നിലംപതിച്ച നിലയിലുമാണ്. പല ഭാഗങ്ങളിലും വൈദ്യുതി ബന്ധം തകരാറിലാണ്.