ghost

യു.എ.ഇയിലെ ഷാർജയിൽ ഒരു പ്രേതാലയമുണ്ട്. പേടിക്കേണ്ട, റോള ഹെറിറ്റേജ് മ്യൂസിയത്തിൽ നടക്കുന്ന 18ാമത് പൈതൃകദിന ആഘോഷത്തിലാണ് കൃത്രിമ ഹൊറർ ഹൗസ് ഒരുക്കിയിട്ടുള്ളത്. ഇൗന്തപ്പനയോലകൾ ഉപയോഗിച്ച് പരമ്പരാഗത രീതിയിൽ നിർമ്മിച്ച പ്രേതാലയമാണിത്. ഇവിടെ സന്ദർശിക്കുന്നവർക്ക് ഈ പ്രേതങ്ങളെയൊക്കെ അടുത്തുനിന്ന് കാണാൻ കഴിയും. കൊച്ചു കുട്ടികൾക്ക് ചിലപ്പോൾ ഇത്തിരി ഭയം തോന്നിയേക്കാമെങ്കിലും മുതിർന്നവർക്ക് നന്നായി ആസ്വദിക്കാൻ ഈ പ്രേതക്കാഴ്ച്ചകൾ ഗുണം ചെയ്യും. യു.എ.ഇയിലെ പ്രായമുള്ള ആളുകൾ കുട്ടിക്കാലത്ത് കേട്ട നാടോടിക്കഥകളിലെ കഥാപാത്രങ്ങളായ സുന്ദരിയായ ജിന്ന് ഉമ്മുൽ ദുവൈസ്, പുരുഷ പ്രേതം ബാബാ ദാര്യ, ചുവന്ന രൂപമുള്ള അബു സലാസിൽ തുടങ്ങിയവയാണ് പ്രധാനമായും ഇവിടെ അതേ വേഷവിധാനങ്ങളോടെ താമസിക്കുന്നത്.തലാൽ അൽ ബലൂഷിയും സംഘവുമാണ് പ്രേതാലയത്തിന് പിന്നിൽ. ഭീകര ശബ്ദങ്ങൾ, എൽ.ഇ.ഡി വെളിച്ച സംവിധാനങ്ങൾ, വെളുത്തപുക എന്നിവ നിറഞ്ഞ, കറുത്ത തിരശ്ശീലകൾക്കുള്ളിൽ മറഞ്ഞിരിക്കുന്ന ഭൂത, പ്രേത, പിശാചുക്കൾ പേടിപ്പെടുത്തുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നു എന്ന് ഇദ്ദേഹം പറയുന്നു. കുടുംബങ്ങൾക്ക് ഒന്നടങ്കം വന്ന് ആസ്വദിക്കാനാകും.