ilamballooor
ഇളമ്പള്ളൂരിൽ റെയിൽവേ ഗേറ്റ് അടച്ചതിനെ തുടർന്ന് കാത്തുനിൽക്കുന്ന വാഹനയാത്രികർ (ഫയൽ ചിത്രം)​

കുണ്ടറ: തിരഞ്ഞെടുപ്പിന് പിന്നാലെ കുണ്ടറക്കാരുടെ പ്രതീക്ഷകൾക്ക് വീണ്ടും ചിറകുമുളച്ചു. കുണ്ടറയിൽ റെയിൽവേ ഒാവർബ്രിഡ്ജുകൾ നിർമ്മിക്കുമെന്ന ഉറപ്പുനൽകിയാണ് മൂന്ന് മുന്നണികളും വോട്ടുപിടിച്ചത്. വാഗ്ദാനങ്ങൾ പാഴ്‌വാക്കായില്ലെങ്കിൽ കുണ്ടറയുടെ വികസനത്തിന് പോലും ഭീഷണിയായി മാറിയ ഗതാഗതക്കുരുക്കിനാണ് പരിഹാരമാകുന്നത്.
കുണ്ടറയിൽ റെയിൽവേ ഒാവർബ്രിഡ്ജുകൾ നിർമ്മിക്കുന്നിതിലുള്ള അനിശ്ചിതത്വം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ബാധിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. തുടർച്ചയായി റെയിൽവേ ഗേറ്റുകൾ അടയ്ക്കുന്നതിനാലുണ്ടാകുന്ന ഗതാഗതക്കുരുക്കും സമയനഷ്ടവും മൂലം യാത്രക്കാർ വലയുകയാണ്.

കുണ്ടറ പട്ടണത്തോട് ചേർന്നാണ് കൊല്ലം-പുനലൂർ-ചെങ്കോട്ട റെയിൽപ്പാത കടന്നുപോകുന്നത്. അടിക്കടി ട്രെയിനുകൾ കടന്നുപോകുമ്പോൾ കൊല്ലം-തിരുമംഗലം ദേശീയപാതയോട് ചേരുന്ന റോഡുകളിൽ എട്ടിടങ്ങളിലാണ് റെയിൽവേ ഗേറ്റുകൾ അടയ്ക്കേണ്ടി വരുന്നത്. ഇതോടെ ദേശീയപാതയിൽ വാഹനങ്ങളുടെ നീണ്ടനിരയാകും. ഗേറ്റ് തുറക്കുമ്പോൾ വാഹനങ്ങളുടെ തിക്കുംതിരക്കുമാണ്. വാഹനങ്ങൾ തമ്മിൽ ഉരസുന്നതിന്റെ പേരിലുള്ള വഴക്കുകളും ഇവിടങ്ങളിൽ പതിവാണ്.

 എട്ടിന്റെ പണിയുള്ള പട്ടണം

ട്രെയിനുകൾ കടന്നുപോകുമ്പോൾ കുണ്ടറ പട്ടണത്തിലെ ഇളമ്പള്ളൂർ, മുക്കട, പള്ളിമുക്ക്, ആറുമുറിക്കട എന്നിവിടങ്ങളിലും സമീപത്തുതന്നെയുള്ള ചന്ദനത്തോപ്പ്, മാമൂട്, കേരളപുരം, പെനിയേൽ എന്നിവിടങ്ങളിലുമുള്ള ഗേറ്റുകളാണ് പലപ്പോഴും അടച്ചിടുന്നത്. കൊവിഡ് കാലത്ത് ഗേറ്റടവിന്റെ തവണകളിൽ കുറവുണ്ടായെങ്കിലും സർവീസുകൾ പഴയപടിയായതോടെ കുണ്ടറയിൽ യാത്രാദുരിതം വീണ്ടും പിടിമുറുക്കി.

 പാലം വേണം ഇളമ്പള്ളൂരിലും പള്ളിമുക്കിലും

കുണ്ടറയിലെ ഗതാഗതക്കുരുക്ക് മാറണമെങ്കിൽ ഇളമ്പള്ളൂരിലും പള്ളിമുക്കിലും ഒാവർബ്രിഡ്ജുകൾ നിർമ്മിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കൊല്ലം - തിരുമംഗലം, കൊല്ലം - തേനി ദേശീയപാതകളെ ബന്ധിപ്പിക്കുന്ന സുപ്രധാന ഒാവർബ്രിഡ്ജാണ് ഇളമ്പള്ളൂരിൽ നിർമ്മിക്കേണ്ടത്. തേനി പാത ലെവൽക്രോസിൽ തൊടുന്നില്ലെങ്കിലും ഗേറ്റ് അടക്കുമ്പോഴുള്ള ഗതാഗത തടസം ഇതുവഴിയുള്ള യാത്രയെയും ബാധിക്കും.

മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയുടെ ശ്രമഫലമായി പള്ളിമുക്ക് ഓവർബ്രിഡ്ജിനായി നേരത്തെ കിഫ്ബിയിൽ ഉൾപ്പെടുത്തി തുക അനുവദിക്കുകയും ആദ്യഘട്ട സർവേ തുടങ്ങിയതുമാണ്. എന്നാൽ വസ്തു ഏറ്റെടുക്കുന്നതിൽ ചില്ലറ എതിർപ്പുകളുണ്ടായതിനാൽ പദ്ധതി എവിടെയുമെത്തിയില്ല.