vanitha

 ജീവനക്കാരിലും വോട്ടർമാരിലും മുന്നിൽ സ്ത്രീകൾ

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഓരോഘട്ടത്തിലും ജില്ലയിൽ ശക്തമായ സാന്നിദ്ധ്യമറിയിച്ച് പെൺകരുത്ത്. സ്ത്രീ വോട്ടർമാരിൽ 73.64 ശതമാനം പേർ വോട്ട് ചെയ്തതിലൂടെ പുരുഷന്മാരേക്കാൾ മുന്നിലെത്തിയിരിക്കുകയാണ് സ്ത്രീകൾ. കണക്കനുസരിച്ച് 84,967 അധിക വോട്ടുകളാണ് സ്ത്രീകൾ ചെയ്തത്.

തിരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥരിലും മുന്നിൽ സ്ത്രീകളായിരുന്നുവെന്നതും ശ്രദ്ധേയമാണ്. ജില്ലയിലെ പതിനൊന്ന് നിയോജക മണ്ഡലങ്ങളിലും സ്ത്രീ സാന്നിദ്ധ്യം കൂടുതലായതിനാൽ വിജയിയെ തീരുമാനിക്കുന്നത് സ്ത്രീ വോട്ടർമാരായിരിക്കുമെന്നതിൽ സംശയമില്ല. മുൻപത്തേതിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ സ്ത്രീ വോട്ടർമാർ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളായത് തിരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിക്കും.

 സ്ത്രീകൾ കനിയുമോ, തഴയുമോ?


ജില്ലയിലെ വനിതാ വോട്ടർമാരുടെ മനം ആർക്കൊപ്പമാണെന്ന ആശങ്കയിലാണ് മുന്നണികൾ. രാഷ്ട്രീയത്തിനപ്പുറം തങ്ങളെയും കുടുംബത്തെയും ബാധിക്കുന്ന വിഷയങ്ങളായിരിക്കും സ്ത്രീകൾ മുൻഗണന നൽകുക. പ്രതിസന്ധിഘട്ടത്തിൽ ഒപ്പം നിന്ന തങ്ങൾക്കായിരിക്കും ഇവർ വോട്ട് ചെയ്തതെന്ന വിശ്വാസത്തിലാണ് എൽ.ഡി.എഫ്. സ്ത്രീ സൗഹൃദ പദ്ധതികളിലൂടെ കേന്ദ്രസർക്കാർ സ്ത്രീ മനസുകളിലുണ്ടെന്നും ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലുള്ള പ്രതിഷേധം സ്ത്രീവോട്ടുകൾ അനുകൂലമാക്കുമെന്ന പ്രതീക്ഷ പങ്കുവയ്ക്കുന്നുണ്ട് എൻ.ഡി.എ. കുടുംബിനികൾക്കും യുവതികൾക്കും വരുമാനമുണ്ടാക്കുന്ന തരത്തിലുള്ള പദ്ധതികൾ മുന്നോട്ട് വച്ചതും തൊഴിലുറപ്പ് പദ്ധതി തുടങ്ങിയതുമെല്ലാം സ്ത്രീകൾ തങ്ങൾക്ക് വോട്ടുകളായി മടക്കി നൽകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ.

 തിരഞ്ഞെടുപ്പ് ജീവനക്കാർ


സ്ത്രീകൾ: 8,708
പുരുഷന്മാർ: 7,376

 വോട്ട് ചെയ്തവർ


സ്ത്രീകൾ: 8,22,123
പുരുഷന്മാർ : 7,37,156