kollam

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ജില്ലയിൽ വിജയപ്രതീക്ഷയിലാണ് മുന്നണികൾ. ഇടത്,​ വലത് മുന്നണികൾ മിന്നും ജയം പ്രതീക്ഷിക്കുമ്പോൾ ചാത്തന്നൂരിൽ താമരവിരിയുമെന്നാണ് ബി.ജെ.പി - എൻ.ഡി.എ സഖ്യത്തിന്റെ വിലയിരുത്തൽ.യു.ഡി.എഫിനോ,​ എൻ.ഡി.എയ്ക്കോ ഒരുസീറ്റ് ലഭിച്ചാൽപോലും ജില്ലയിലെ പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളും കുത്തകയാക്കിയിരുന്ന ഇടതുമുന്നണിയ്ക്ക് അത് കോട്ടം തന്നെയാണ്. ഭരണത്തുടർച്ചയും നാടിന്റെ വികസനവും മാത്രം വിഷയമാക്കിയ ഇടതുമുന്നണിയ്ക്കായിരുന്നു

ശബരിമല സ്വാധീനിച്ചു

പ്രചാരണത്തിൽ മുൻതൂക്കമെങ്കിലും ശബരിമല ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉന്നയിച്ച് യു.ഡി.എഫും ബി.ജെ.പിയും വോട്ടർമാരെ സമീപിച്ചതോടെ അവസാന റൗണ്ടായപ്പോഴേക്കും ചിത്രം മാറി തുടങ്ങി. ജില്ലയിലെ എല്ലാ സീറ്റുകളിലും വിജയം ഉറപ്പിച്ചിരുന്ന ഇടതുമുന്നണിയ്ക്ക് അവസാന പോളിംഗ് കണക്കുകൾ പുറത്തുവന്നതോടെ ചില മണ്ഡലങ്ങളിലെങ്കിലും പിന്നാക്കം പോകുമെന്ന് സമ്മതിക്കേണ്ടിവന്നു.

എൻ.എസ്.എസ്,​ എസ്.എൻ.ഡി.പി തുടങ്ങിയ സമുദായ സംഘടനകൾക്ക് മുൻനിലപാടുകളിൽ നിന്നുണ്ടായ മാറ്റവും തിരഞ്ഞെടുപ്പ് ദിവസം എൻ.എസ്.എസ് ജനറൽ സെക്രട്ടറി നടത്തിയ പ്രസ്താവനയും വോട്ടെടുപ്പിനെ ചെറുതല്ലാത്തവിധം സ്വാധീനിച്ചിട്ടുണ്ട്. വോട്ടെടുപ്പ് കഴിഞ്ഞശേഷം ഭരണ - പ്രതിപക്ഷ പാർട്ടികൾ നടത്തിയ വിലയിരുത്തലുകളും ജില്ലയിലെ നിലവിലെ രാഷ്ട്രീയ കാലാവസ്ഥയിലുണ്ടായ മാറ്റം ശരിവയ്ക്കും വിധത്തിലുള്ളതാണ്.

ബി.ജെ.പി വോട്ടുകൾ ചോർന്നുവെന്ന് ആരോപണം

ജില്ലയിലെ ചില മണ്ഡലങ്ങളിൽ ബി.ജെ.പി വോട്ടുകളിൽ കാര്യമായ ചോ‌ർച്ചയുണ്ടായതായി ആരോപിക്കുന്ന ഇടതുമുന്നണി ഇത് തങ്ങളുടെ വിജയപ്രതീക്ഷകളിലും കണക്കുകൂട്ടലുകളിലും പിഴവുകൾക്ക് ഇടയാക്കുമെന്ന് സമ്മതിക്കേണ്ടിവന്നിട്ടുണ്ട്. ജില്ലയിലെ മിക്ക ബൂത്തുകളിലും ബി.ജെ.പി പ്രവർത്തകർ യു.ഡി.എഫിന് അനുകൂലമായി വോട്ട് മറിച്ചതായാണ് ഇടതുമുന്നണിയുടെ ആക്ഷേപം. കഴിഞ്ഞതവണ തുച്ഛമായ വോട്ടുകൾക്ക് വിജയിച്ച കരുനാഗപ്പള്ളി ഉൾപ്പെടെയുള്ള ജില്ലയിലെ ചില മണ്ഡലങ്ങളിൽ ഇത് അട്ടിമറിവിജയത്തിനിടയാക്കുമെന്നാണ് സൂചന. ശക്തമായ ഇടതുതരംഗമുണ്ടായ 2016ൽ രണ്ടായിരത്തിൽ താഴെ വോട്ടുകൾക്ക് ഇടതുമുന്നണി വിജയിച്ച കരുനാഗപ്പള്ളിയിൽ ഇത്തവണ കുറഞ്ഞത് പതിനായിരത്തിന് മുകളിൽ വോട്ടുകളുടെ ഭൂരിപക്ഷമാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്.

ആത്മവിശ്വാസത്തോടെ ഇടതുമുന്നണി

ബി.ജെ.പിയുടെ അട്ടിമറിയെപ്പറ്റി സമ്മതിക്കുന്നുണ്ടെങ്കിലും കരുനാഗപ്പള്ളിയെ തങ്ങളുടെ സ്വന്തം മണ്ഡലമായിത്തന്നെയാണ് ഇടതുമുന്നണി ഇപ്പോഴും കണക്ക് കൂട്ടുന്നത്. തീരദേശ മേഖലയിലുൾപ്പെടെ മഹേഷിന് അനുകൂല തരംഗമുണ്ടാതായും ഭരണ വിരുദ്ധവികാരവും പ്രയോജനപ്പെട്ടതായുമാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ. അതേസമയം ബി.ജെ.പി വോട്ടുകൾ ചോ‌ർത്തിയെന്ന ആരോപണം നേതൃത്വം നിഷേധിക്കുന്നു. ആർ.എസ്.പി സ്ഥാനാർത്ഥികൾ മത്സരിച്ച ജില്ലയിലെ മൂന്നു സീറ്റുകളിലും വിജയ പ്രതീക്ഷയിലാണ് അവർ. കരിമണലിന്റെ നാടായ ചവറയിൽ ഷിബുബേബിജോൺ മണ്ഡലം തിരിച്ചുപിടിക്കുമെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. അതേസമയം എം.എൽ.എയായിരിക്കെ അന്തരിച്ച വിജയൻപിള്ളയുടെ മകൻ ഡോ. സുജിത് വിജയൻ രാഷ്ട്രീയത്തിനതീതമായി വോട്ടുകൾ നേടിയിട്ടുണ്ടെന്നും ചവറയിൽ മണ്ഡലം നിലനിർത്താനാകുമെന്നുമാണ് ഇടതുക്യാമ്പുകളുടെ വെളിപ്പെടുത്തൽ.

തീരമേഖല ഷിബുവിനൊപ്പം

തീരദേശമേഖലയുൾപ്പെടുന്ന ചവറ മണ്ഡലത്തിൽ മത്സ്യതൊഴിലാളിവോട്ടുകളും സമുദായ വോട്ടുകളും മുൻ എം.എൽ.എ കൂടിയായിരുന്ന ഷിബുബേബിജോണിന് അനുകൂലമായി പോൾ ചെയ്തുവെന്നാണ് യു.ഡി.എഫിന്റെ കണക്കുകൾ നൽകുന്ന സൂചന. ആർ.എസ്.പികൾ പര്സപരം മത്സരിക്കുന്ന കുന്നത്തൂരിൽ സിറ്റിംഗ് എം.എൽ.എയായ കോവൂർകുഞ്ഞുമോനെ അട്ടിമറിച്ച് ഇത്തവണ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഉല്ലാസ് കോവൂർ വിജയംനേടുമെന്നാണ് വലതുനേതാക്കളുടെ വാദം. എന്നാൽ കുഞ്ഞുമോന്റെ വോട്ട് ബാങ്കിൽ ചെറിയ വിള്ളലുണ്ടാക്കാൻ കഴിഞ്ഞെന്നല്ലാതെ അട്ടിമറിയൊന്നും പ്രതീക്ഷിക്കേണ്ടെന്നാണ് ഇടതുമുന്നണിയുടെ മറുപടി.

ഇരവിപുരത്ത് പ്രവചനാതീതം

ആർ.എസ്.പിയുടെ സ്ഥിരം മണ്ഡലമായിരുന്ന ഇരവിപുരത്ത് ഇടതുമുന്നണി സ്ഥാനാർത്ഥിയായ സിറ്റിംഗ് എം.എൽ.എ നൗഷാദ് വിജയം ആവർത്തിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഈഴവ വോട്ടുകൾ നിർണായകമായ ഇവിടെ ഏറെ നാളിന് ശേഷം ആർ.എസ്.പി ടിക്കറ്റിൽ മത്സരിക്കാനെത്തിയ ബാബുദിവാകരൻ വിജയം നേടുമെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടൽ. പാർട്ടി വോട്ടുകൾക്കൊപ്പം മുസ്ളിം വോട്ടുകളും നൗഷാദിന് അനുകൂലമായി പോൾ ചെയ്യുമെന്നതിനാൽ അതിന് ബദലായി ഈഴവ വോട്ടുകളും ബി.ജെ.പി വോട്ടുകളിൽ ഒരുപങ്കും ബാബുദിവാകരനെ തുണയ്ക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ നൽകുന്ന വിവരം. ഇടതുമുന്നണിയുടെ ജില്ലയിലെ സ്റ്റാർ മണ്ഡലങ്ങളായിരുന്ന പത്തനാപുരത്തും കൊല്ലത്തും വാശിയേറിയ പോരാട്ടമാണുണ്ടായതെങ്കിലും കൊല്ലത്ത് വിജയംതങ്ങൾക്ക് അനുകൂലമായിരിക്കുമെന്ന് വലതുമുന്നണി ഉറപ്പിച്ച് പറയുന്നു. എന്നാൽ അത് ദിവാ സ്വപ്നം മാത്രമാണെന്നാണ് എതിർപക്ഷത്തിന്റെ മറുപടി. തീരദേശമേഖലയിലും മണ്ഡലത്തിലും പാർട്ടി പ്രവർത്തകർക്കിടയിലും മുകേഷിനുണ്ടായ എതിർപ്പ് യു.ഡി.എഫിന് ഗുണം ചെയ്തിട്ടുണ്ട്. ബി.ജെ.പി ശക്തമായി മത്സരരംഗത്തുണ്ടായിരുന്ന ഇവിടെ കാര്യമായ വോട്ടുചോർച്ചയുണ്ടായതായ പേരുദോഷവുമില്ല.

ഗണേശ്കുമാർ ശുഭപ്രതീക്ഷയിൽ

പത്തനാപുരം സീറ്റിൽ വിജയം നിലനിർത്തുമെന്ന ശുഭപ്രതീക്ഷയിലാണ് ഗണേശ്കുമാർ. എന്നാൽ തന്റെ ചിട്ടയായ പ്രവർത്തനവും ഗണേഷ് കുമാർ മണ്ഡലത്തോട് കാട്ടിയ അവഗണനയും ഭരണവിരുദ്ധവികാരവും ശരിമല പ്രശ്നവും അപ്രതീക്ഷിത വിധിയെഴുത്തിനിടയാക്കുമെന്നാണ് യു.ഡി.എഫ് ക്യാമ്പുകളുടെ പ്രതികരണം. ലീഗ് മത്സരിച്ച പുനലൂ‌രിൽ സിറ്റിംഗ് സീറ്റ് സി .പി.ഐ നിലനിറുത്തുമെന്നാണ് കരുതപ്പെടുന്നത്. ലീഗിന്റെ ശക്തനായ സ്ഥാനാർത്ഥിയാണ് ഇവിടെ മത്സരിക്കാനെത്തിയതെങ്കിലും പ്രതീക്ഷയ്ക്കൊത്ത പ്രകടനം നടത്താൻ പുനലൂരിൽ യു.ഡി.എഫിനായില്ല. ഇടതുമുന്നണിയുടെ കുത്തക സീറ്റായ ചടയമംഗലത്ത് സീറ്റ് നിർണയത്തിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ അവരുടെ വിജയത്തെ ബാധിക്കുമെന്നാണ് യു.ഡി.എഫ് കരുതുന്നത്. മണ്ഡലത്തിൽ ശക്തമായ സ്വാധീനമുള്ള എം.എം നസീറിന്റെ സ്ഥാനാർത്ഥിത്വവും വോട്ടുബാങ്കുകളെ തങ്ങൾക്ക് അനുകൂലമാക്കാൻ കഴിഞ്ഞതായി അവർ കരുതുന്നു. എന്നാൽ സംഘടനാപ്രശ്നങ്ങൾ പരിഹരിച്ചതാണെന്നും അതൊന്നും വിജയത്തെ ബാധിക്കില്ലെന്നും ഉറച്ച് വിശ്വസിക്കുന്ന ഇടതുമുന്നണി ജെ.ചിഞ്ചുറാണി മണ്ഡലം നിലനിർത്തുമെന്ന ശുഭപ്രതീക്ഷയിലാണ്.

കൊട്ടാരക്കരയിൽ വൻഭൂരിപക്ഷം പ്രതീക്ഷിക്കുന്നില്ല

സി.പി.എമ്മിന്റെ ജില്ലയിലെ മുൻനിര നേതാക്കളിൽ പ്രമുഖനായ ബാലഗോപാൽ മത്സരിച്ച കൊട്ടാരക്കര ഇടതുമുന്നണിയുടെ കുത്തക സീറ്റായിരുന്നെങ്കിലും കഴിഞ്ഞ തവണത്തെപ്പോലെ മിന്നും പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. സ്ഥാനാർത്ഥിയുടെ തലയെടുപ്പിന് അനുസരിച്ച് പ്രചാരണം നയിക്കാൻ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ടെന്ന കാര്യം പാർട്ടി അണികളിൽ തന്നെ ചർച്ചയായിരിക്കെ ജില്ലാ പഞ്ചായത്തംഗം കൂടിയായ രശ്മിയെ വിജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥിയായാണ് യു.ഡി.എഫ് ക്യാമ്പുകൾ കരുതുന്നത്. മണ്ഡലത്തിനും ജില്ലയ്ക്കും പുറത്ത് നിന്നുള്ള ആളെ സ്ഥാനാർത്ഥിയാക്കിയതിലെ അസംതൃപ്തിയാണ് ഇടതുമുന്നണിയിലെ പ്രധാന പാർട്ടിയായ സി.പി.എമ്മിലെ ഒരുവിഭാഗത്തിനുണ്ടായത്. പതിനായിരത്തിന് മുകളിൽ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്ന മണ്ഡലത്തിൽ രണ്ടായിരം വോട്ടിന് കടന്നുകൂടുമെന്നാണ് ഇടതുക്യാമ്പുകളുടെ ഇപ്പോഴത്തെ പ്രതികരണം.

കുണ്ടറയിൽ ആശങ്ക

മന്ത്രിയും പാർട്ടിയിലെ പ്രമുഖ വനിതാ നേതാവുമായ ജെ.മേഴ്സിക്കുട്ടിയമ്മ കുണ്ടറയിൽ അനായാസ വിജയം നേടുമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും എതിരാളിയായി യൂത്ത് കോൺഗ്രസ് നേതാവ് പി.സി വിഷ്ണുനാഥെത്തിയതോടെ മത്സരം കടുത്തു. വോട്ടിംഗ് കഴിഞ്ഞശേഷം പോളിംഗ് കണക്കുകൾ വിലയിരുത്തിയശേഷം യു.ഡി.എഫ് ക്യാമ്പുകൾ കുണ്ടറയിൽ വിജയപ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുകയാണ്. എൻ.എസ്.എസിന് നിർണായക വോട്ടുള്ള മണ്ഡലത്തിൽ അവ വിഷ്ണുനാഥിന് അനുകൂലമായി പോൾ ചെയ്തതായ വിലയിരുത്തലിലാണ്.

ചാത്തന്നൂരിൽ താമര വിരിയുമോ?‌

ജില്ലയുടെ തെക്കേയറ്റത്തെ മണ്ഡലമായ ചാത്തന്നൂരിൽ ഇക്കുറി താമരവിരിയുമെന്ന് ബി.ജെ.പി അവകാശപ്പെടുമ്പോൾ മണ്ഡലം വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ഇടതുമുന്നണി. എസ്.എൻ.ഡി.പി യൂണിയൻ നേതാവായ ബി.ബി. ഗോപകുമാറിന് മണ്ഡലത്തിലുള്ള സ്വാധീനവും സമുദായവോട്ടും നിർണായകമാകുന്ന ഇവിടെ കോൺഗ്രസിന്റെ ശക്തനായ നേതാവായിരുന്ന പീതാംബരക്കുറുപ്പായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥിയെങ്കിലും മത്സരരംഗത്ത് യു.ഡി.എഫിന് കാര്യമായി മുന്നേറാൻ കഴിഞ്ഞില്ലെന്നാണ് വിവരം.