വനിതാസംഘം കരുനാഗപ്പള്ളി യൂണിയൻ ജനറൽ ബോഡി യോഗം
കരുനാഗപ്പള്ളി: ഒരു നൂറ്റാണ്ടിലേറെയായി എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ കൈവശമുള്ള ഓച്ചിറ ശ്രീനാരായണ ഗുരുദേവക്ഷേത്രം സ്ഥിതിചെയ്യുന്ന 10 സെന്റ് ഭൂമി പതിച്ച് നൽകാനുള്ള അടിയന്തര നടപടി സർക്കാർ സ്വീകരിക്കണമെന്ന് വനിതാസംഘം കരുനാഗപ്പള്ളി യൂണിയൻ ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. 30 വർഷത്തേക്ക് 1013 രൂപ പാട്ടക്കരാർ വ്യവസ്ഥയിലാണ് ഭൂമി കരുനാഗപ്പള്ളി യൂണിയന് 2011ൽ സർക്കാർ കൈമാറിയത്. നിലവിലെ പാട്ടക്കരാർ വ്യവസ്ഥയ്ക്ക് വിരുദ്ധമായി ജില്ലാ കളക്ടർ 2014 - 15, 2015 - 16, 2016 - 17എന്നീ വർഷങ്ങളിലെ പാട്ടത്തുക 84000 രൂപായി വർദ്ധിപ്പിച്ചു. നിലവിലെ പാട്ടവ്യവസ്ഥയനുസരിച്ച് 3039 രൂപ അടയ്ക്കേണ്ട സ്ഥാനത്താണ് 84000 രൂപ നൽകാൻ ജില്ലാ കളക്ടർ യൂണിയന് നോട്ടീസ് നൽകിയത്.
ഇത്രയും ഭാരിച്ചതുക അടയ്ക്കാൻ യൂണിയന് നിർവാഹമില്ലെന്ന് നേതാക്കൾ രേഖാമൂലം കളക്ടർക്ക് നിവേദനം നൽകിയിരുന്നു. 84000 രൂപ പാട്ടത്തുകയടച്ചാൽ ഭൂമി സൗജന്യമായി പതിച്ചുനൽകാമെന്ന് ജില്ലാ കളക്ടർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഇത്രയും തുക യൂണിയൻ അടച്ചു. തുടർന്ന് ഭൂമി സൗജന്യമായി പതിച്ച് നൽകണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് വീണ്ടും അപേക്ഷ നൽകി. എന്നാൽ അപേക്ഷ പരിഗണിക്കാതെ പാട്ടത്തുക വീണ്ടും 732000 രൂപയായി വർദ്ധിപ്പിച്ച് പണം അടയ്ക്കണമെന്നാണ് കളക്ടർ ആവശ്യപ്പെട്ടത്. തുക അടച്ചില്ലെങ്കിൽ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം ജപ്തി ചെയ്യുമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.
ഇതിനെതിരെ യൂണിയൻ സർക്കാരിന് അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്. ശ്രീനാരായണീയരുടെ ആരാധനാ കേന്ദ്രമായ ശ്രീനാരായണ ഗുരുദേവ ക്ഷേത്രവും സ്ഥലവും സംരക്ഷിക്കപ്പെടേണ്ടതാണെന്ന് യോഗം വിലയിരുത്തി. കരുനാഗപ്പള്ളി യൂണിയൻ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ. സോമരാജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് എസ്. ശോഭനൻ, വനിതാ സംഘം ട്രഷറർ ഗീതാ ബാബു എന്നിവർ പ്രസംഗിച്ചു. വനിതാസംഘം യൂണിയൻ പ്രസിഡന്റ് അംബിക ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. വനിതാ സംഘം യൂണിയൻ സെക്രട്ടറി മധുകുമാരി സ്വാഗതവും വൈസ് പ്രസിഡന്റ് സ്മിത നന്ദിയും പറഞ്ഞു.