kulam
ഭൂമിക്കാരൻ ആനന്ദാശ്രമത്തിനോട് ചേർന്ന വയലിൽ കുളം കുഴിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന ചെല്ലപ്പൻ

ചാത്തന്നൂർ: പ്രിയപത്നിയുടെ വിയോഗത്തിന് കാരണമായ കൂറ്റൻപർവതം 22 വർഷത്തെ കഠിനാദ്ധ്വാനത്തിലൂടെ പിളർത്തി വഴിവെട്ടിയ ബീഹാർ സ്വദേശി ദശരഥ് മാഞ്ചിയെ 2800 കിലോമീറ്ററുകൾക്കിപ്പുറം വേളമാനൂർ ഭൂമിക്കാരൻ ആനന്ദാശ്രമത്തിലെ അന്തേവാസിയായ ചെല്ലപ്പൻ ചേട്ടനറിയില്ല. പക്ഷേ, സഹജീവി സ്നേഹത്തിന്റെ ഉറവ വറ്റാത്ത മനസിനുടമയായ എഴുപത്തിയൊന്നുകാരൻ പ്രായത്തിന്റെ അവശതകളെയും പൊരിവെയിലിനെയും വെല്ലുവിളിച്ച് ഒരു കുളം കുത്തി, ഏവർക്കും ദാഹജലം പകരാൻ.

ജലാശയങ്ങൾ വറ്റിവരണ്ട കൊടുംചൂടിൽ ദാഹനീരിനായി അലഞ്ഞുതിരി‌യുന്ന പക്ഷികളും മൃഗങ്ങളും ഹൃദയഭേദകമായ കാഴ്ചയായിരുന്നു ചെല്ലപ്പൻ ചേട്ടന്. ചുറ്റുപാടുള്ളവർക്കെങ്കിലും സഹായമെത്തിക്കണമെന്ന അടങ്ങാത്ത ആഗ്രഹം പിടിമുറുക്കിയതോടെ തനിക്ക് തണലേകിയ ആനന്ദാശ്രമത്തിന്റെ സ്ഥാപകരായ ഭൂമിക്കാരൻ ജേപ്പിയോടും പത്നി ശ്രീകലയോടും കാര്യം പറഞ്ഞു,​ ഒരു കുളം കുഴിക്കണം. ഇരുവരും പൂർണ പിന്തുണയേകിയതോടെ ആശ്രമത്തോട് ചേർന്നുള്ള വരണ്ടുണങ്ങിയ വയലിൽ മൺവെട്ടിയുമായിറങ്ങി. ഒന്നര മീറ്റർ ആഴത്തിൽ കുഴിച്ചതോടെ ഉറവ തെളിഞ്ഞു. നാലുമീറ്ററിലേറെ വ്യാസമുള്ള കുളത്തിലേക്കിറങ്ങാൻ പടവുകളും അപകടമൊഴിവാക്കാൻ ജൈവവേലിയും കൂടി നിർമ്മിച്ചാൽ ചെല്ലപ്പൻ ചേട്ടന്റെ സ്നേഹക്കുളം റെഡിയാകും.

ബന്ധുക്കളാൽ ഉപേക്ഷിക്കപ്പെട്ട് എറണാകുളം മൂഴിക്കുളം ക്ഷേത്രത്തിൽ അഭയാർത്ഥിയായി കഴിഞ്ഞിരുന്ന ചെല്ലപ്പൻ നാലുമാസം മുമ്പാണ് ആനന്ദാശ്രമത്തിൽ എത്തിയത്. വേളമാനൂർ സ്നേഹാശ്രമം വയോജന കേന്ദ്രത്തിനായി സ്വന്തം വീട് സൗജന്യമായി വിട്ടുനൽകിയ ഭൂമിക്കാരൻ ജേപ്പിയും ശ്രീകലയുമാണ് ഭൂമിക്കാരൻ ആനന്ദാശ്രമത്തിന്റെ ചാലകശക്തികൾ. മനുഷ്യൻ അടക്കം എല്ലാ ജീവജാലങ്ങൾക്കും ആരുടെയും അനുവാദത്തിന് കാത്തുനിൽക്കാതെ ചെല്ലപ്പൻ ചേട്ടന്റെ സ്നേഹക്കുളത്തിലെ വെള്ളം ഉപയോഗിക്കാമെന്ന് അവർ പറയുന്നു.