kollam

 തീരദേശം കനിഞ്ഞെന്ന് യു.ഡി.എഫ്
 കോട്ടകൾ മറിയില്ലെന്ന് എൽ.ഡി.എഫ്

 വോട്ട് ഷെയർ കൂടുമെന്ന് എൻ.ഡി.എ

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ യു.ഡി.എഫിന് അപ്രതീക്ഷിത നേട്ടമുണ്ടാക്കുമെന്ന് യു.ഡി.എഫ് അവകാശപ്പെടുമ്പോൾ ഇടത് കോട്ടകൾ മറിയില്ലെന്നാണ് എൽ.ഡി.എഫിന്റെ ആത്മവിശ്വാസം. മികച്ച മുന്നേറ്റമുണ്ടാക്കുമെന്നാണ് എൻ.ഡി.എയുടെ അവകാശവാദം. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മൂന്ന് മുന്നണികളും കൂട്ടലും കിഴിക്കലുമായി പ്രതീക്ഷയിലാണ്. പോളിംഗ് ശതമാനം മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കാര്യമായി കുറഞ്ഞിട്ടില്ല എന്നത് ഇരുമുന്നണികൾക്കും പ്രതീക്ഷ നൽകുന്ന ഘടകമാണ്.

 തീരദേശം തുണച്ചെന്ന് കോൺഗ്രസ്

തീരദേശം യു.ഡി.എഫിനെ നന്നായി തുണച്ചെന്നാണ് പ്രമുഖ നേതാക്കളുടെ വിലയിരുത്തൽ. കൊല്ലം, ഇരവിപുരം, ചവറ, കുണ്ടറ മണ്ഡലങ്ങളിൽ ഇതിന്റെ ഗുണം കിട്ടുമെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടൽ. കുന്നത്തൂർ, ചടയമംഗലം, പത്തനാപുരം തുടങ്ങിയ മണ്ഡലങ്ങളിൽ യു.ഡി.എഫ് ഇക്കുറി അട്ടിമറിവിജയം പ്രതീക്ഷിക്കുന്നുണ്ട്. ഇടതുപക്ഷത്തെ അപേക്ഷിച്ച് വളരെ വൈകിയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതെങ്കിലും മത്സര രംഗത്തുള്ളവരെല്ലാം കഴിവുറ്റവരാണെന്ന് യു.ഡി.എഫിന്റെ മുതിർന്ന നേതാക്കൾ പറയുന്നത്.

 തകർക്കാനാവില്ല ഇടത് കോട്ടകൾ


ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട കുപ്രചാരണങ്ങൾ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടില്ലെന്നും കൊല്ലത്തെ ഇടതുകോട്ടകൾ യു.ഡി.എഫിന് തകർക്കാനാവില്ലെന്നുമാണ് എൽ.ഡി.എഫ് നേതാക്കൾ ഉറപ്പിച്ച് പറയുന്നത്. കേരള കോൺഗ്രസ് (എം) മുന്നണിയിൽ വന്നതും ഇടതുപക്ഷ ജില്ലയെന്ന ഖ്യാതിയും തുണയ്ക്കുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. ആഴക്കടൽ മത്സ്യബന്ധനക്കരാറിന്റെ പേരിൽ കൊല്ലം, ചവറ, ഇരവിപുരം, കുണ്ടറ മണ്ഡലങ്ങളിൽ ഇടതുമുന്നണിക്ക് തിരിച്ചടി നേരിടുമെന്ന കണക്കുകൂട്ടൽ കോൺഗ്രസിന്റെയും ആർ.എസ്.പിയുടെയും ദിവാസ്വപ്നം മാത്രമാണെന്നാണ് നേതാക്കളുടെ പരിഹാസം.
ഇരവിപുരം, കൊട്ടാരക്കര, ചടയമംഗലം, പത്തനാപുരം, ചാത്തന്നൂർ മണ്ഡലങ്ങൾ പിടിച്ചെടുക്കാൻ നിലവിലെ സംഘടനാശേഷി വെച്ച് യു.ഡി.എഫിന് കഴിയില്ലെന്നാണ് മുതിർന്ന നേതാക്കളുടെ പക്ഷം.

 ചാത്തന്നൂരിൽ കണ്ണുംനട്ട് എൻ.ഡി.എ


ജില്ലയിൽ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയ്ക്ക് വോട്ടുകൾ വർദ്ധിക്കുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. 11 മണ്ഡലങ്ങളിലും വോട്ട് ഷെയറിൽ വലിയ വർദ്ധനവുണ്ടാകും. വലിയ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ചാത്തന്നൂരിൽ ഇക്കുറി എൻ.ഡി.എ അപ്രതീക്ഷിത വിജയം നേടുമെന്ന് നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബി.ജെ.പി ഏറ്റവും നന്നായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ മണ്ഡലങ്ങളിലൊന്നാണ് ചാത്തന്നൂർ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ബി. ഗോപകുമാർ യു.‌ഡി.എഫിനെ പിന്തള്ളി ചാത്തന്നൂരിൽ രണ്ടാമതെത്തിയിരുന്നു.