കൊല്ലം : കൊവിഡ് രണ്ടാംവ്യാപനം തടയാൻ ജില്ലാതലത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന പ്രത്യേക കർമ്മ പദ്ധതിക്ക് ആരോഗ്യവകുപ്പ് രൂപംനൽകി. രോഗവ്യാപന നിരക്ക് കുറയ്ക്കാനും പ്രതിരോധക്കുത്തിവെയ്പ്പ് പൂർത്തിയാക്കുന്നതിനുമാണ് മുഖ്യ പരിഗണന. ബോധവത്കരണവും പരിശോധനകളും കൂടുതൽ ശക്തമാക്കും. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് പ്രവർത്തന പുരോഗതി വിലയിരുത്തും.
പ്രധാന തീരുമാനങ്ങൾ
സ്രവ പരിശോധനയ്ക്കും വാക്‌സിനേഷനുമായി വൈകാതെ മെഗാ ക്യാമ്പുകൾ സംഘടിപ്പിക്കും
തദ്ദേശ സ്ഥാപന തലങ്ങളിൽ ഭരണ സമിതി യോഗം ചേർന്ന് ദ്രുത കർമ്മ സമിതി രൂപീകരിക്കും
രോഗവ്യാപന നിരക്ക് ഉയരാതിരിക്കാൻ എല്ലാ ആഴ്ചയിലും കർമ്മ പദ്ധതി തയ്യാറാക്കും.
സ്രവപരിശോധന, വാക്‌സിനേഷൻ എന്നിവയുടെ വിവരം കൃത്യമായി രേഖപ്പെടുത്താൻ സംവിധാനം
ഒരു മാസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ടു ശതമാനത്തിൽ താഴെ എത്തിക്കാൻ പദ്ധതി
സ്രവ പരിശോധനാ സൗകര്യം
താലൂക്ക് ആശുപത്രികളിലും ജില്ലാ ആശുപത്രിയിലും ടി.എം. വർഗീസ് ഹാളിലും പ്രത്യേക സ്രവ പരിശോധനാ സൗകര്യം ഉറപ്പാക്കും. തിരഞ്ഞെടുപ്പ് ജോലികളിൽ സഹകരിച്ച എല്ലാവർക്കും സ്രവ പരിശോധന നടത്തും. 45 വയസിനു മുകളിലുള്ള എല്ലാ സർക്കാർ ജീവനക്കാരും പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിട്ടുണ്ടെന്ന് അതത് ഓഫീസ് മേധാവികൾ ഉറപ്പാക്കണം.
കൊവിഡ് രണ്ടാം വ്യാപനത്തെ പ്രതിരോധിക്കാൻ എല്ലാവരുടെയും സഹകരണം ഉണ്ടാകണം. പൊതുജനങ്ങളും ഉദ്യോഗസ്ഥരും നിർദേശങ്ങൾ കൃത്യമായി പാലിക്കണം
ബി. അബ്ദുൽ നാസർ, ജില്ലാ കളക്ടർ