ശാസ്താംകോട്ട: കുന്നത്തൂർ നിയോജക മണ്ഡലത്തിൽ മുന്നണി നേതൃത്വങ്ങളെല്ലാം വിജയപ്രതീക്ഷയിൽ. ഇടത് കോട്ടയായ കുന്നത്തൂർ അഞ്ചാം തവണയും കോവൂർ കുഞ്ഞുമോനിലൂടെ നിലനിറുത്തുമെന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി.നാലു മാസങ്ങൾക്ക് മുമ്പ് നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കുന്നത്തൂർ നിയോജക മണ്ഡലത്തിൽ ഇടത് മുന്നണിക്കായിരുന്നു മുൻ തൂക്കം .കുന്നത്തൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ഇടത് മുന്നണിക്ക് ലഭിച്ച മുൻതൂക്കം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നാണ് ഇടത് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇടത് സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും കോവൂർ കുഞ്ഞുമോൻ എം.എൽ.എ യുടെ വികസന പ്രവർത്തനങ്ങളും വോട്ടായി മാറുമെന്ന പ്രതീക്ഷയാണ് ഇടത് മുന്നണിക്ക്. കുന്നത്തൂരിൽ ഇത്തവണ അട്ടിമറി വിജയം നേടുമെന്നാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ത്രിതല പഞ്ചായത്തുകളിൽ കഴിഞ്ഞ തവണത്തെക്കാൾ യു.ഡി.എഫ് നില മെച്ചപ്പെടുത്തിയിരുന്നു. സമാനമായ നേട്ടം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടൽ.പോരുവഴി, കുന്നത്തൂർ പഞ്ചായത്തുകളിൽ ത്രിതല പഞ്ചായത്തുകളിൽ കൈവരിച്ച നേട്ടം ആവർത്തിച്ചു ഇടതു വലതു മുന്നണികളെ അട്ടിമറിക്കുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എയും.