കരുനാഗപ്പള്ളി: തിരഞ്ഞടുപ്പ് കഴിഞ്ഞതോടെ ഇലക്ഷൻ കേന്ദ്ര കമ്മിറ്റി ഓഫീസുകൾ പട ഒഴിഞ്ഞ പടക്കളം പോലെയായി. കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിലെ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളിൽ സ്ഥാനാർത്ഥികളോ നേതാക്കളോ ആരും തന്നെ ഇല്ല. ഏതാനും പ്രവർത്തകർ എന്നത്തെയും പോലെ കേന്ദ്ര കമ്മിറ്റി ഓഫീസുകളിൽ എത്തിയിരുന്നു. പോളിംഗിന് ശേഷം ബൂത്തുകളിൽ നിന്ന് ഓരോ സ്ഥാനാർത്ഥിക്കും ലഭിക്കുന്ന വോട്ടുകളെ കുറിച്ചുള്ള കണക്കുകൾ കൃത്യമായും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളിൽ ലഭിച്ചില്ലെന്നാണ് അറിയുന്നത്. അതുകൊണ്ട് തന്നെ കൂട്ടലുകളും കിഴിക്കലുകളും നടന്നില്ല. ബൂത്ത് തലങ്ങളിലുള്ള മുന്നണി നേതാക്കളും ബൂത്ത് ഏജന്റൻമാരും കൂടിയിരുന്ന് വിലയിരുത്തിയാണ് കണക്കുകൾ തയ്യാറാക്കുന്നത്. ഏതായാലും മൂന്ന് മുന്നണികളും വിജയം അവകാശപ്പെടുന്നുണ്ട്.