കൊട്ടാരക്കര: വിജയം ഉറപ്പിച്ച് കൊട്ടാരക്കരയിലെ മുന്നണി സ്ഥാനാർത്ഥികൾ. വോട്ടെടുപ്പ് പൂർത്തിയായതോടെ കണക്ക് കൂട്ടിയും കിഴിച്ചും പ്രവർത്തകരും നേതാക്കളും അണികളും തിരക്കിലാണ്. അടിയൊഴുക്കുകളും തരംഗങ്ങളും വിശകലനങ്ങളും ചേർത്തുള്ള വിലയിരുത്തലാണ് നടക്കുന്നത്. കഴിഞ്ഞ ഒരുമാസമായി കളം നിറഞ്ഞ് പ്രചാരണം നടത്തി മണ്ഡലത്തിൽ നിറഞ്ഞ് നിന്ന ഇടത് മുന്നണി സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാൽ മണ്ഡലം നില നിറുത്തുമെന്നും വിജയം ഉറപ്പാണെന്നുമാണ് ഇടത് നേതാക്കളുടെ വിലയിരുത്തൽ.
നാലു തവണ ത്രിതല പഞ്ചായത്തിൽ ജനങ്ങളും അംഗീകാരം
നേടി വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി ആർ.രശ്മി തീർച്ചായായും കൊട്ടാരക്കരയുടെ മണ്ണിൽ ത്രിവർണ പതാക പാറിക്കുമെന്നും പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും കണക്കാക്കുന്നു. ഭരണ വിരുദ്ധ തരംഗവും ശബരിമല വിഷയവും ഇട
ത് മുന്നണിക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളും കൂടാതെ വ്യക്തിപരമായി തനിക്കുള്ള അംഗീകാരവും തങ്ങൾക്ക് അനുകൂല ഘടകങ്ങളാകുമെന്ന് വിലയിരുത്തുകയാണ് ആർ.രശ്മി.
എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.വയയ്ക്കൽ സോമൻ മുൻ വർഷത്തേക്കാൾ നില മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് അഭിപ്രായപ്പെട്ടത്. കേന്ദ്രസർക്കാർ നടപ്പാക്കുന്ന ജനപ്രിയ പദ്ധതികളുടെ അംഗീകാരമാണ് തനിക്ക് ലഭിക്കുന്ന വമ്പിച്ച ജന പിന്തുണയെന്നും വയയ്ക്കൽ സോമൻ വ്യക്തമാക്കി.