തഴവ: പഴകി ദ്രവിച്ച മൊബൈൽ ടവർ ഒടിഞ്ഞ് ദേശീയ പാതയിലുടെ കടന്നുപോയ വാഹനങ്ങൾക്ക് മുകളിൽ വീണു,വാഹനം തകർന്നു. ദേശീയപാതയിൽ പുത്തൻ തെരുവ് ജംഗ്ഷനിൽ കഴിഞ്ഞ ദിവസം രാത്രി 7.30നായിരുന്നു അപകടം. വൈകിട്ടോടെ പെയ്ത മഴയ്ക്കൊപ്പം വീശിയ ശക്തമായ കാറ്റിൽ ജംഗ്ഷന് കിഴക്കുവശം കടയുടെ മുകളിൽ സ്ഥാപിച്ചിരുന്ന എയർടെല്ലിന്റെ ടവർ റോഡിലേക്ക് ഒടിഞ്ഞ് വീഴുകയായിരുന്നു. ടവർ ദേശീയ പാതയിലൂടെ കടന്നു വരികയായിരുന്ന ടെംപോ ട്രാവലർ, മാരുതി വാഗൺ എന്നിവയുടെ മുകളിൽ വീണെങ്കിലും ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് ദേശീയ പാതയിലെ ഗതാഗതം അര മണിക്കൂറോളം തടസപ്പെട്ടു . കരുനാഗപ്പള്ളി പൊലീസും ഫയർഫോഴ്സുമെത്തി ടവർ റോഡിൽ നിന്ന് നീക്കം ചെയ്തു. സംഭവത്തെതുടർന്ന് മേഖലയിലേക്കുള്ള വൈദ്യുതി വിതരണം മണിക്കൂറുകളോളം തടസപ്പെട്ടു.