കൊല്ലം: പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുഗമമായി നടപടികക്രമങ്ങൾ നിർവഹിച്ച എല്ലാ ഉദ്യോഗസ്ഥരെയും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ബി. അബ്ദുൽ നാസർ അഭിനന്ദിച്ചു. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ വിലയിരുത്താൻ ചേർന്ന ഓൺലൈൻ യോഗത്തിലാണ് കളക്ടറുടെ അഭിനന്ദനം.
മികച്ച പോളിംഗ് ശതമാനം രേഖപ്പെടുത്താൻ കഴിഞ്ഞത് ജില്ലയെ സംബന്ധിച്ച് ശ്രദ്ധേയമായ നേട്ടമാണ്. സ്വീപ്പിന്റെ നേതൃത്വത്തിൽ നടത്തിയ തിരഞ്ഞെടുപ്പ് ബോധവത്കരണ പ്രവർത്തനങ്ങൾ നിർണായകമായി. പഴുതടച്ച ക്രമസമാധാന സംവിധാനം പൊലീസിന്റെയും കേന്ദ്രസേനകളുടെയും ഭാഗത്തുനിന്നുണ്ടായി. എല്ലാ വകുപ്പുകളുടെയും ഒത്തിണക്കത്തോടെയുള്ള പ്രവർത്തനം തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ കുറ്റമറ്റതാക്കിയെന്നു കളക്ടർ പറഞ്ഞു.
സബ് കളക്ടർ ശിഖ സുരേന്ദ്രൻ, സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ, വരണാധികാരികൾ, ഉപവരണാധികാരികൾ തുടങ്ങിയവർ പങ്കെടുത്തു.