കൊല്ലം: ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി കൊവിഡ് വാക്‌സിനേഷൻ മാസ് ക്യാമ്പയിനുമായി ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പൊഴിക്കര പ്രാഥമിക ആരോഗ്യ കേന്ദ്രം, ഐ.എം.എ ദേശിംഗനാട് എന്നിവിടങ്ങളിലും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ആരോഗ്യ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലും 45 വയസിന് മുകളിലുള്ളവർക്ക് കൊവിഡ് പ്രതിരോധ വാക്‌സിനേഷൻ നടത്തി.
ആധാറും മൊബൈൽ നമ്പറുമായെത്തി സ്‌പോട്ട് രജിസ്‌ട്രേഷൻ നടത്തി ആദ്യഡോസ് സ്വീകരിക്കുവാനുള്ള അവസരമാണ് നൽകിയത്. ആദ്യ ഡോസ് എടുത്ത് നിശ്ചിത സമയപരിധി പിന്നിട്ടവർക്ക് രണ്ടാമത്തെ ഡോസ് എടുക്കുന്നതിനുള്ള സൗകര്യവുമുണ്ടായിരുന്നു. നീതിയുക്തവും ആരോഗ്യ പൂർണവുമായ പ്രതിരോധം വഴി കൊവിഡ് സുരക്ഷ ശക്തിപ്പെടുത്തുക എന്ന സന്ദേശം മുൻനിറുത്തിയാണ് ലോകാരോഗ്യ ദിനം ആചരിച്ചതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. ശ്രീലത പറഞ്ഞു.