തിരുവനന്തപുരം: കവി മുരുകൻ കാട്ടാക്കടയ്ക്ക് വധ ഭീഷണി. ഇന്നലെ രാവിലെ മുതലാണ് മുരുകൻ കാട്ടാക്കടയുടെ ഫോണിൽ ഭീഷണിയെത്തിയത്. പുതുതായി ഇറങ്ങുന്ന 'ചുവപ്പ്" എന്നസിനിമയ്ക്ക് വേണ്ടി മുരുകൻ കാട്ടാക്കട മാർക്സിസത്തെപ്പറ്റി എഴുതിയ ഗാനത്തിലെ വരികളാണ് ഭീഷണിക്ക് കാരണമെന്ന് മുരുകൻ കാട്ടാക്കട 'കേരള കൗമുദി ഫ്ലാഷി"നോട് പറഞ്ഞു. മാർക്സിസമെന്ന ആശയവും സൗന്ദര്യവും കവിതയിൽ ഭംഗിയായി വിശദീകരിക്കുന്നതാണ് ഭീഷണിപ്പെടുത്തുന്നയാളെ ചൊടിപ്പിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഇടതുമുന്നണി അത് പ്രചാരണഗാനമായി ഉപയോഗിച്ചിരുന്നു.
സ്നേഹമല്ല മാർക്സിസമെന്നും അതിന്റെ കൊലപാതകവും അക്രമവുമാണ് അതിന്റെ നിർവ്വചനമെന്നും ആരോപിക്കുന്ന അത്തരത്തിലെഴുതിയത് മഹാ അപരാധമാണെന്നും അതിന്റെ പേരിൽ തന്റെ മലദ്വാരത്തിൽ കമ്പികുത്തിയിറക്കുമെന്നുമാണ് ഭീഷണിപ്പെടുത്തുന്നത്. പലതവണ ഒരേ സ്വരത്തിൽ ഭീഷണി ആവർത്തിച്ച ആളോട് കാര്യങ്ങൾ വിശദമാക്കാൻ ശ്രമിച്ചെങ്കിലും അത് ചെവിക്കൊളളാൻ തയ്യാറായില്ലെന്ന് മുരുകൻ കാട്ടാക്കട പറഞ്ഞു. തുടക്കത്തിൽ ഭീഷണി കാര്യമാക്കിയില്ലെങ്കിലും രാത്രിയായിട്ടും നിർത്താതെ വിളിച്ച് അപായപ്പെടുത്തുമെന്ന വിധത്തിൽ ഭീഷണി ആവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് മുരുകുൻ കാട്ടാക്കട വ്യക്തമാക്കി. കണ്ണൂർ ശൈലിയിലുള്ള സംസാരമാണെന്നും സാഹിത്യം ഇടകലർത്തി സംസാരിക്കുന്ന യുവാവിനൊപ്പം മറ്റാളുകളുമുള്ളതായി സംഭാഷണത്തിൽ നിന്ന് വ്യക്തമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ തിരുവനന്തപുരം റൂറൽ എസ്..പിക്ക് പരാതി നൽകിയതായി അദ്ദേഹം അറിയിച്ചു.