covid

 ജില്ലയിൽ വീണ്ടും നിയന്ത്രണം

കൊല്ലം: കൊവിഡ് രണ്ടാംഘട്ട വ്യാപനം തടയൻ ജില്ലയിൽ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. പ്രാദേശിക തലത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും നിയന്ത്രണങ്ങൾ. ഇതിന്റെ ഭാഗമായി ഇന്ന് പഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗം കളക്ടർ വിളിച്ചിട്ടുണ്ട്.

ഇന്ന് മുതൽ കൊവിഡ് പരിശോധനയും ഊർജ്ജിതമാക്കും. പൊലീസിന് പുറമേ 105 സെക്ടറൽ ഉദ്യോഗസ്ഥരും പരിശോധകളുമായി നിരത്തിലുണ്ടാകും. നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ പിഴ ഈടാക്കും. മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ 200 രൂപ പിഴ ഈടാക്കും. കൂട്ടംകൂടി നിന്നാലും ആളെക്കൂട്ടിയാലും നടപടിയുണ്ടാകും. വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ കൈ കഴുകൻ വെള്ളവും സോപ്പും വയ്ക്കുന്നതോടൊപ്പം സാനിട്ടറൈസറും നിർബന്ധമാണ്. ജീവനക്കാർ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

 പ്രവർത്തനം ബൂത്ത് കമ്മിറ്റികളിലൂടെ

തിരഞ്ഞെടുപ്പിന് രാഷ്ട്രീയ കക്ഷികൾ തയ്യാറാക്കിയ ബൂത്ത് ലെവൽ കമ്മിറ്റികളുടെ സഹായത്തോടെയാകും പ്രാദേശിക തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. രാഷ്ട്രീയ പാർട്ടികളുടെ സഹായവും ഇതിനായി കളക്ടർ അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ കമ്മിറ്റികളിലൂടെ കൊവിഡ് പരിശോധന മുതൽ വാക്‌സിനേഷൻ വരെ നടപ്പാക്കും. ഓരോ വീട്ടിലെയും സ്ഥിതി ബന്ധപ്പെട്ടവരെ അറിയിക്കാനാവും പ്രാദേശികമായ നിയന്ത്രണ ലംഘനങ്ങൾ കണ്ടെത്താനും ഇതിലൂടെ കഴിയും.
ബൂത്ത് കമ്മിറ്റികൾ വഴി ആർ.ടി.പി.സി.ആർ ടെസ്റ്റുകൾ വ്യാപിപ്പിക്കും.

 പുതിയ നിയന്ത്രങ്ങൾ ഇങ്ങനെ

1. വിവാഹങ്ങളിൽ പങ്കെടുക്കുവരുടെ എണ്ണം കുറയ്ക്കും
2. ഹാളിനുള്ളിൽ 100 പേർ മാത്രം
3. ഹാളിന് പുറത്ത് 200 പേർ വരുന്നതിനും നിയന്ത്രണം
4. ചന്തകളിൽ ആളുകൾ കൂടുന്നത് തടയും
5. ചന്തകളിൽ അകലം കർക്കശമാക്കും
6. കച്ചവടക്കാർ രണ്ട് മീറ്റർ അകലത്തിൽ ഇരിക്കണം
7. സൂപ്പർമാർക്കറ്റുകളിലും നിയന്ത്രണം
8. ഓരേ സമയം കൂടുതൽ ആളെത്തിയാൽ ഉടമയ്‌ക്കെതിരെ കേസ്
9. യോഗങ്ങൾക്കും ആത്മീയ കാര്യങ്ങൾക്കും നിയന്ത്രണം

10. ബസുകളിലെ തിങ്ങിനിറഞ്ഞ യാത്ര ഒഴിവാക്കണം

11. ഹോട്ടലുകളിൽ ഭക്ഷണം വിളമ്പുന്നതിനും പഴയ മാനദണ്ഡങ്ങൾ

''

കൊവിഡ് വർദ്ധനവ് ആശങ്ക ഉയർത്തുന്നതാണ്. ഇന്ന് മുതൽ പ്രാദേശിക തലത്തിൽ നിയന്ത്രണം കടുപ്പിക്കും. ലംഘിച്ചാൽ പിഴ ഈടാക്കും.

ബി. അബ്ദുൽ നാസർ

ജില്ലാ കളക്ടർ