മുങ്ങിത്തപ്പിയിട്ടും ചിസൽ കിട്ടിയില്ല
കൊല്ലം: പൈലിംഗ് ചിസൽ പൊട്ടി മണ്ണിൽ പുതഞ്ഞ് കല്ലുപാലത്തിന് പകരമുള്ള പുതിയ പാലത്തിന്റെ നിർമ്മാണം വീണ്ടും പ്രതിസന്ധിയിൽ. മുങ്ങൽ വിഗ്ദ്ധരെത്തി പലതവണ മുങ്ങിത്തപ്പിയിട്ടും ചിസൽ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഒരാഴ്ചയായി ഇതിനുള്ള ശ്രമം തുടരുകയാണ്.
ലക്ഷ്മിനട ഭാഗത്തെ ആദ്യത്തെ പൈലിന്റെ നിർമ്മാണം നടക്കവേയാണ് ചങ്ങല പൊട്ടി ആഴം കൂട്ടാൻ ഉപയോഗിക്കുന്ന ചിസൽ മണ്ണിൽ പുതഞ്ഞത്. പൈലിംഗിനിടെ ചിസൽ പൊട്ടുന്നത് പതിവാണ്. മുങ്ങൽ വിദഗ്ദ്ധർ രണ്ടോ മൂന്നോ ദിവസം കൊണ്ട് ഇത് വീണ്ടെടുത്ത് നൽകും. പക്ഷേ കൊല്ലം തോടിന്റെ ആഴത്തിൽ കുടുങ്ങിയ ചിസൽ വീണ്ടെടുക്കാൻ കടുത്ത പ്രയാസം നേരിടുകയാണ്. സ്ഥലപരിമിതിയുള്ളതിനാൽ തൊട്ടടുത്തുള്ള പൈലിന്റെ നിർമ്മാണവും ആരംഭിക്കാനാകുന്നില്ല.
പതിനാറ് പൈലുകളാണ് പുതിയ പാലത്തിന്റെ നിർമ്മാണത്തിലുള്ളത്. ഇതിൽ ചാമക്കട ഭാഗത്തെ എട്ട് പൈലുകൾ പൂർത്തിയായി. അതിനുമുകളിൽ പൈൽ ക്യാപ്പിന്റെ കോൺക്രീറ്റിംഗ് പുരോഗമിക്കുകയാണ്. മറുവശത്തെ പൈലുകൾ കൂടി പൂർത്തിയായാലെ ശേഷിക്കുന്ന നിർമ്മാണം മുന്നോട്ട് കൊണ്ടുപോകാനാകൂ.
കാലാവധി നീട്ടും
2019 ഒക്ടോബറിലാണ് പുതിയ പാലം നിർമ്മാണത്തിനായി കല്ലുപാലം പൊളിച്ചുനീക്കിയത്. കരാർ പ്രകാരം കഴിഞ്ഞമാസം നിർമ്മാണ കാലാവധി അവസാനിച്ചു. നാല് മാസം കൂടി കരാർ കാലാവധി നീട്ടി നൽകാൻ ആലോചനയുണ്ട്. അതേസമയം പാലം നിർമ്മാണം അനിശ്ചിതമായി നീളുന്നത് പ്രദേശത്തെ വ്യാപാരികൾക്കും യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.