നവജാതശിശു അത്ഭുതകരമായി രക്ഷപ്പെട്ടു
കൊട്ടിയം: കഴിഞ്ഞ ദിവസം സന്ധ്യക്കുണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണ് പ്രസവശേഷം വിശ്രമത്തിലായിരുന്ന യുവതിയുൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. യുവതിക്കൊപ്പം മുറിയിൽ കിടക്കുകയായിരുന്ന നവജാതശിശു പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
നെടുമ്പന മുട്ടയ്ക്കാവ് തൊടിയിൽ വീട്ടിൽ നജീമിന്റെ മരുമകൾ തസ്നി, മാതാവ് സുബൈദ എന്നിവർക്കാണ് പരിക്കേറ്റത്. വീടിന് സമീപത്ത് നിന്നിരുന്ന പ്ളാവാണ് ഒടിഞ്ഞുവീണത്. ഓടുമേഞ്ഞ മേൽക്കൂര തകർന്ന് ചക്കകൾ ഉൾപ്പെടെ വീടിനുള്ളിലേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, കാറ്റിലും മഴയിലും നെടുമ്പന പഞ്ചായത്തിലെ മുട്ടയ്ക്കാവ് പതിനാറാം വാർഡിൽ വ്യാപക നാശനഷ്ടം സംഭവിച്ചു. ഇരുനില ജംഗ്ഷനിൽ ഷാഫിയുടെ പുരയിടത്തിൽ നിന്നിരുന്ന മാവ് റോഡിലേക്ക് കടപുഴകി സംസ്ഥാന ഹൈവേയിൽ ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സ് സംഘമെത്തി മരം മുറിച്ചുമാറ്റി. മുട്ടയ്ക്കാവിലെ കശുഅണ്ടി ഫാക്ടറി, ഇഷ്ടിക ഫാക്ടറി എന്നിവിടങ്ങളിലും നാശനഷ്ടങ്ങളുണ്ട്.