എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് തുടക്കം
കൊല്ലം: എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് വിദ്യാർത്ഥികൾ പുറത്തിറങ്ങിയതിന് പിന്നാലെ ക്ലാസ് മുറികൾ അണുവിമുക്തമാക്കി. ചിലയിടങ്ങളിൽ ക്ലാസ് മുറികളും ശുചിമുറികളും വരാന്തകളും വൃത്തിയാക്കാൻ ഫയർഫോഴ്സും സഹായത്തിനെത്തി.
വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം നൽകുന്ന തരത്തിലായിരുന്നു മലയാളം ചോദ്യ പേപ്പർ. ഇത്തവണ 40 മാർക്കിനായിരുന്നു ചോദ്യം. ഒന്നര മണിക്കൂറായിരുന്നു പരീക്ഷ സമയം. ഇന്ന് രണ്ടാം ഭാഷയാണ്. ഉച്ചയ്ക്ക് 2.40ന് മുൻപ് വിദ്യാർത്ഥികൾ പരീക്ഷ ഹാളിലെത്തണം. ഇന്നലെ രാവിലെ ഹയർസെക്കൻഡറി പരീക്ഷയ്ക്കും തുടക്കമായി.
ജില്ലയിൽ 232 പരീക്ഷാ കേന്ദ്രങ്ങളിലായി 30,970 വിദ്യാർത്ഥികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്. കൊല്ലം വിമലഹൃദയയിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത് - 804. കുറവ് പേരൂർ എൻ.എസ്.എസ് എച്ച്.എസിലാണ്. മൂന്ന് വിദ്യാർത്ഥികൾ. ചാത്തന്നൂർ ജി.എച്ച്.എസ്.എസിലാണ് ഏറ്റവും കൂടുതൽ ആൺകുട്ടികൾ പരീക്ഷയെഴുതുന്ന സർക്കാർ സ്കൂൾ - 465. പത്ത് വിദ്യാർത്ഥികൾ മാത്രം പരീക്ഷ എഴുതുന്ന പെരുങ്ങാലം ജി.എച്ച്.എസാണ് ജില്ലയിൽ ഏറ്രവും കുറച്ച് വിദ്യാത്ഥികൾ എസ്.എസ്.എൽ.സിക്കുള്ള സർക്കാർ സ്കൂൾ.
ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങൾ: 232
ആകെ വിദ്യാർത്ഥികൾ: 30,970
ആൺകുട്ടികൾ: 15,311
പെൺകുട്ടികൾ: 15,659
ചോദ്യത്തിൽ അക്ഷര പിശക്
എസ്.എസ്.എൽ.സി മലയാളം ചോദ്യപേപ്പറിൽ അക്ഷര പിശക് കടന്നുകൂടി. വയലാറിന്റെ അശ്വമേധം എന്ന കവിതയുടെ രണ്ട് വരികൾ നൽകിയ ശേഷം അതിന്റെ അർത്ഥമെന്തെന്നാണ് ചോദ്യം. ഈ ചോദ്യത്തിൽ നൽകിയിട്ടുള്ള കവിതയുടെ രണ്ട് വരികളിലും അക്ഷരത്തെറ്റുണ്ട്.