കൊല്ലം: കേന്ദ്രീയ വിദ്യാലയത്തിൽ പുതുതായി മൂന്ന് മുതൽ 10 വരെ ക്ലാസുകളിലേയ്ക്ക് അധിക ബാച്ച് അനുവദിച്ച് ഉത്തരവായതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. ഇതോടെ കൊല്ലം കേന്ദ്രീയ വിദ്യാലത്തിൽ ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകൾക്ക് അഡീഷണൽ ബാച്ച് അനുവദിക്കണമെന്ന ആവശ്യം യാഥാർത്ഥ്യമായി.
അഡീഷണൽ ബാച്ച് അനുവദിക്കണമെന്ന ആവശ്യത്തെ തുടർന്ന് 1, 2 ക്ലാസുകളിലേയ്ക്കും 11,12 ക്ലാസുകളിലേയ്ക്കും അധിക ബാച്ച് അനുവദിച്ച് കഴിഞ്ഞ് രണ്ട് വർഷങ്ങളിൽ ഉത്തരവായിരുന്നു. മുളങ്കാടകത്ത് പുതിയ കെട്ടിടത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും നിർമ്മാണം പൂർത്തിയാക്കിയത് മുതൽ അധിക ബാച്ച് അനുവദിക്കണമെന്ന് എം.പി ആവശ്യപ്പെട്ടിരുന്നു.
2021-22 അദ്ധ്യയന വർഷത്തിൽ തന്നെ അധിക ബാച്ചിന്റെ പ്രവർത്തനം സാദ്ധ്യമാക്കുന്നതിന് അദ്ധ്യാപക - അദ്ധ്യാപകേതര ജീവനക്കാരുടെ നിയമനം നടത്തണമെന്ന് എം.പി ആവശ്യപ്പെട്ടു. പുതിയ ഉത്തരവോടെ കൊല്ലം കേന്ദ്രീയ വിദ്യാലയത്തിൽ ഇപ്പോഴുള്ളതിന്റെ ഇരട്ടി വിദ്യാർത്ഥികൾക്ക് മൂന്ന് മുതൽ 10 വരെയുള്ള ക്ലാസുകളിലേയ്ക്ക് അദ്ധ്യയനം സാദ്ധ്യമാകുമെന്നും എം.പി അറിയിച്ചു.