photo
കുണ്ടും കുഴിയും രൂപപ്പെട്ട ലാലാജി - പണിക്കർകടവ് റോഡിലെ തറയിൽ ജംഗ്ഷനിന് പടിഞ്ഞാറ് വശം.

കരുനാഗപ്പള്ളി: ലാലാജി ജംഗ്ഷൻ - പണിക്കർ കടവ് റോഡിൽ തറയിൽമുക്കിലെ പടിഞ്ഞാറെ വളവിൽ രൂപപ്പെട്ട ഗട്ടറുകൾ മരണക്കെണിയാകുന്നു. നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന റോഡാണിത്.

കരുനാഗപ്പള്ളി ടൗണിനെ ആലപ്പാട്ട് ഗ്രാമപഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡും ഇതാണ്. ചവറ ഐ.ആർ.ഇ കമ്പനിക്ക് വെള്ളനാതുരുത്തിൽ നിന്ന് കരിമണൽ കയറ്റിക്കൊണ്ട് വരുന്നതും ഇതു വഴിയാണ്. അഴീക്കൽ മത്സ്യബന്ധന തുറമുഖത്തേക്ക് കൊല്ലം ഭാഗത്തു നിന്ന് വരുന്ന കണ്ടെയ്നർ ലോറികൾ കടന്ന് പോകുന്നതും പണിക്കർ കടവ് റോഡ് മാർഗമാണ് . മൂക്കുംപുഴ ദേവീ ക്ഷേത്രം, വെള്ളനാതുരുത്തിലെ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം,​ ദുർഗാദേവീ ക്ഷേത്രം എന്നിവിടങ്ങളിലേക്ക് ഭക്തർക്ക് പോകാനുള്ള ഏകമാർഗവും ഇതാണ്.

അപകടം പതിവ്

കരുനാഗപ്പള്ളിയിൽ നിന്ന് വരുന്ന വാഹനങ്ങൾ വളവിലെ ഗട്ടറുകളിൽ വീണ് അപകടമുണ്ടാകുന്നത് പതിവ് കാഴ്ചയാണ്. ഇരുചക്ര വാഹനക്കാരാണ് കൂടുതലും അപകടത്തിൽ പെടുന്നത്. മഴക്കാലം ആരംഭിക്കുന്നതോടെ അപകടത്തിന്റെ നിരക്കും വർദ്ധിക്കും. മഴ വെള്ളം കെട്ടി നിൽക്കുന്ന കുഴികളിൽ വീണാണ് അപകടം പറ്റുന്നത്. മൺസൂൺ കാലം ആരംഭിക്കുന്നതിന് മുമ്പായി റോഡിലെ ഗട്ടറുകൾ പൂർണമായും നികത്തണമെന്ന് കരുനാഗപ്പള്ളി താലൂക്ക് പൗരസമിതി അധികൃതരോട് ആവശ്യപ്പെട്ടു.