photo
കൊല്ലം- തിരുമംഗലം ദേശീയപാതയിൽ കുന്നിക്കോട് പച്ചിലവളവിൽ കുന്ന് ഇടിയാത്തവിധം സുരക്ഷിത ഭിത്തി നിർമ്മിക്കുന്നു

43 കോടി രൂപ അനുവദിച്ചു

കൊല്ലം: കൊല്ലം-തിരുമംഗലം ദേശീയപാതയിലേക്ക് ഇനി കുന്നുകൾ ഇടിച്ചിറങ്ങില്ല, സുരക്ഷിത ഭിത്തി നിർമ്മാണം തുടങ്ങി. കുന്നിക്കോട് പച്ചിലവളവാണ് റോഡിന്റെ ഒരു വശം കുഴിയും മറുവശം കുന്നുമുള്ള ഭാഗം. അവിടെ ഇരുവശത്തും സുശക്തമായ സംരക്ഷണ ഭിത്തി നിർമ്മിച്ചുവരികയാണ്. താഴ്ചയുള്ള ഭാഗത്തെ നിർമ്മാണം ഏറെക്കുറെ പൂർത്തിയാക്കിയിട്ടാണ് മറുവശത്തെ നിർമ്മാണം തുടങ്ങിയത്. ഇവിടെ മഴക്കാലത്ത് വലിയതോതിൽ മണ്ണൊലിപ്പുണ്ടായിരുന്നു. അഞ്ചാൾ പൊക്കത്തിലാണ് സംരക്ഷണ ഭിത്തി ഇവിടെ നിർമ്മിക്കുന്നത്. ചില ഭാഗത്ത് അതിനും മുകളിലേക്ക് വേണ്ടിവരും. ഉയർച്ചയിൽ താമസിക്കുന്നവരുടെ വീടുകളിലേക്ക് പോകാനുള്ള വഴികളും പ്രത്യേകമായി നിർമ്മിച്ചുനൽകും. ദേശീയപാതയിൽ അമ്പലത്തുംകാല മുതൽ പുനലൂർവരെയുള്ള 25 കിലോമീറ്റർ ദൂരത്തേക്കായി 43 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ കൂടുതൽ തുകയും ചിലവാകുന്നത് പച്ചിലവളവ് ഭാഗത്താണ്. ഇരുവശവും സുരക്ഷിത ഭിത്തികൾ നിർമ്മിക്കുന്നതോടെ അപകടങ്ങളും ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ.

വിളക്കുകൾ തെളിയും

ഇരുവശത്തെയും സംരക്ഷണ ഭിത്തികൾ നിർമ്മിച്ചുകഴിഞ്ഞാൽ പ്രത്യേക വഴിവിളക്കുകളും സ്ഥാപിക്കാൻ പദ്ധതിയുണ്ട്. രണ്ട് വശങ്ങളും ഉയർത്തിക്കെട്ടുള്ളതിനാൽ സ്വാഭാവിക വെളിച്ചത്തിന് തടസമുണ്ടാകും. സന്ധ്യയോടെ ഇരുവശത്തും നല്ല വെളിച്ചമുള്ള ലൈറ്റുകൾ തെളിയും. അലങ്കാര വിളക്കുകളുമുണ്ടാകും.

അപകടമേഖല

എന്നും അപകടമേഖലയായിരുന്നു പച്ചിലവളവ്. നിരവധി വാഹനങ്ങളാണ് പച്ചിലവളവ് ഭാഗത്തായി താഴ്ചയിലേക്ക് മറിഞ്ഞിട്ടുള്ളത്. രണ്ടുവർഷം മുൻപ് ടാങ്കർ ലോറി താഴ്ചയിലേക്ക് മറിഞ്ഞതോടെ അടിഭാഗത്തെ വീടുകൾക്കും നാശമുണ്ടായിരുന്നു. അപകടങ്ങൾ തുടർക്കഥയായതോടെയാണ് ഇവിടെ സുശക്തമായ സംരക്ഷണ ഭിത്തി നിർമ്മിക്കാൻ തീരുമാനമുണ്ടായത്.